ചണ്ഡീഗഡ്: പഞ്ചാബില്‍ ഒന്നൊഴിയാതെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിനെ തേടിയെത്തുന്നു. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് സംസ്ഥാനങ്ങളിലെ ബിഎസ്‌എഫിന്റെ അധികാര പരിധി വർധിപ്പിച്ചു. ഇതോടെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലേക്ക് പഞ്ചാബിലെ കൂടുതല്‍ ഭാഗങ്ങള്‍ എത്തിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ പരസ്പരമുള്ള വിമര്‍ശനങ്ങളും ആരംഭിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയും തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസില്‍ അതിരൂക്ഷ വിമര്‍ശനമാണ് ചന്നി നേരിട്ട് കൊണ്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം ബംഗാളിലെയും പഞ്ചാബിലെയും അസമിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ നേരത്തെ ബിഎസ്‌എഫ് സാന്നിധ്യമുണ്ട്. ഇവിടെ നിന്ന് ഇവരുടെ സാന്നിധ്യ പരിധി കൂടുതൽ വർധിപ്പിച്ചു.
നേരത്തെ അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്ററായിരുന്നു ബിഎസ്‌എഫ് സാന്നിധ്യം. എന്നാല്‍ ഇത് 50 കിലോമീറ്ററായിട്ടാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. അധികാര പരിധിയില്‍ പരിശോധനകള്‍ നടത്തുകയോ അറസ്റ്റ് ചെയ്യുകയോ പിടിച്ചെടുക്കുകയോ ചെയ്യാനുള്ള അധികാരം ബിഎസ്‌എഫിന് മാത്രമായിരിക്കും. ഇവിടെ പഞ്ചാബ് പോലീസിന്റെ അധികാരത്തെ മറികടക്കാന്‍ കേന്ദ്രത്തിന് സാധിക്കും. അമൃത്സര്‍, തരന്‍ താരന്‍, പത്താന്‍കോട്ട് മേഖലകളില്‍ സമ്പൂര്‍ണ അധികാരം ബിഎസ്‌എഫിനാവും.
പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അട്ടാരി ബോര്‍ഡറില്‍ നിന്ന് വെറും 35 കിലോമീറ്റര്‍ അകലെയാണ് സുവര്‍ണക്ഷേത്രമുള്ളത്. ഇതിന്റെ ചുമതലയും നിയന്ത്രണവും ബിഎസ്‌എഫിന് ലഭിക്കും. ഇതോടെ പഞ്ചാബില്‍ അധികാരം ലഭിക്കാതെ തന്നെ നല്ലൊരു ഭാഗം നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാരിന് സാധിക്കും. അതേസമയം കേന്ദ്രത്തിന്റെ തീരുമാനത്തെ അപലപിക്കുന്നതായി ചരണ്‍ജിത്ത് സിംഗ് ചന്നി പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും തീരുമാനം പിന്‍വലിക്കണമെന്നും ചന്നി ആവശ്യപ്പെട്ടു.
എന്നാല്‍ കേന്ദ്ര നീക്കത്തെ അമരീന്ദര്‍ സ്വാഗതം ചെയ്തു. കശ്മീരില്‍ നമ്മുടെ സൈനികര്‍ കൊല്ലപ്പെടുന്നു. പാകിസ്താന്‍ തീവ്രവാദികള്‍ ധാരാളം മയക്കുമരുന്നുകള്‍ പഞ്ചാബിലേക്ക് കടത്തുന്നുണ്ട്. ബിഎസ്‌എഫിന്റെ വര്‍ധിച്ച സാന്നിധ്യം പഞ്ചാബിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. കേന്ദ്ര സേനയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
Post Your Comments