ന്യൂഡല്‍ഹി: യുഎസ് നാവികസേനാ മേധാവി അഡ്മിറല്‍ മൈക്കിള്‍ ഗില്‍ഡേ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഡല്‍ഹിയിലെത്തിയ അദ്ദേഹം ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചാണ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ഒക്ടോബര്‍ 11 മുതല്‍ 15 വരെ നീളുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, ഭാരത സര്‍ക്കാരിന്റെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ നാവികസേനയുടെ മുംബൈയിലുള്ള പശ്ചിമ നാവിക കമാന്‍ഡ്, വിശാഖപട്ടണത്തെ കിഴക്കന്‍ നാവിക കമാന്‍ഡ് എന്നിവയും അഡ്മിറല്‍ ഗില്‍ഡേ സന്ദര്‍ശിക്കും. അമേരിക്കന്‍ നാവികസേനയുമായി വിവിധ വിഷയങ്ങളില്‍ അടുത്ത സഹകരണമാണ് ഇന്ത്യന്‍ നാവികസേന വച്ചുപുലര്‍ത്തുന്നത്.
Read Also : യുഎഇ എല്ലാവരുടെയും രാജ്യവും വീടും: എല്ലാവരുമായി മികച്ച ബന്ധം പുലർത്തുമെന്ന് ദുബായ് ഭരണാധികാരി
അതേസമയം, ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവാനെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലേക്ക് തിരിച്ചു. ഒക്ടോബര്‍ 12 മുതല്‍ 16 വരെയാണ് സന്ദര്‍ശനം. കരസേനാ മേധാവി എന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ ആദ്യ ശ്രീലങ്കന്‍ സന്ദര്‍ശനമാണ്. സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം രാജ്യത്തെ മുതിര്‍ന്ന സൈനിക, സിവിലിയന്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-ശ്രീലങ്ക പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും .
Post Your Comments