കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട പത്ത് കോടിയുടെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം എം.കെ.മുനീറിലേയ്ക്ക് നീളുന്നു. കേസില്‍ എം.കെ മുനീര്‍ എംഎല്‍എയുടെ മൊഴിയെടുത്തു. പത്രത്തിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് മുനീറിന്റെ മൊഴി എടുത്തതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ വച്ചാണ് അദ്ദേഹത്തിന്റെ മൊഴിയെടുത്തത്.
Read Also : സിവിൽ സർവീസ് റാങ്ക് ജേതാക്കൾ മികച്ച ഉദ്യോഗസ്ഥരെ മാതൃകയാക്കണം: മുഖ്യമന്ത്രി
മുന്‍പ് ഇതേ കേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് മുന്‍പായി കെ.ടി ജലീലിന്റെ മൊഴി ഈ കേസില്‍ രേഖപ്പെടുത്തി. ജലീലിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തത്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മുനീറിന്റെ മൊഴിയുമെടുത്തത്.
അക്കൗണ്ടിലുണ്ടായിരുന്നത് പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യയായ പണം മാത്രമാണെന്ന് ഇ.ഡിയ്ക്ക് മുനീര്‍ മൊഴി നല്‍കി. ദൈനംദിന കാര്യത്തില്‍ താന്‍ ഇടപെടാറില്ല. ഫിനാന്‍സ് മാനേജരാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കുക. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ആരോഗ്യപ്രശ്നങ്ങളുളളതിനാല്‍ ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്നും മുനീര്‍ അറിയിച്ചു.
കളളപ്പണകേസ് ആദ്യം അന്വേഷിച്ചത് വിജിലന്‍സാണ്. എന്നാല്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇ.ഡി കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി അക്കൗണ്ടിലെത്തിയ 10 കോടി രൂപ പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന് ലഭിച്ചതാണെന്ന ഹര്‍ജിക്കാരന്റെ ആരോപണത്തെ തുടര്‍ന്നാണ് കേസ് ഇ.ഡി അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
Post Your Comments