മനസ്സിന്റെ സന്തോഷത്തിനു വേണ്ടി മാത്രമല്ല ശരീരത്തിന്റെ ആരോഗ്യത്തിനും പുലര്‍ച്ചെ ഉണരുന്നത് ഏറെ ഗുണം ചെയ്യും. ആയുര്‍വേദ വിധിപ്രകാരം ശരീരത്തിന് മൂന്നു പ്രകൃതമാണുള്ളത്. കഫം, പിത്തം, വാദം. സൂര്യോദയത്തിനുശേഷം കഫകാലം ആരംഭിക്കുന്നതിനാല്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരമെന്ന് ആയുര്‍വേദം നിര്‍ദേശിക്കുന്നു.
ആരോഗ്യവാന്‍ തന്റെ ആയുസ്സിന്റെ രക്ഷയ്ക്കായി ഉറക്കമുണരേണ്ട സമയമാണു ബ്രാഹ്മമുഹൂര്‍ത്തം. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇതു സൂര്യോദയത്തിന് ഏകദേശം മുന്നുമണിക്കൂര്‍ മുമ്പാണ്. ഗൃഹസ്ഥര്‍ക്ക് ഇതു സൂര്യോദയത്തിന് ഒന്നര മണിക്കൂര്‍ മുമ്പും. കേരളത്തില്‍ ഇതു ഏകദേശം രാവിലെ നാലരയ്ക്കും അഞ്ചിനും ഇടയിലാണെന്നാണ് പൊതുവെ പറയുന്നത്.
സൂര്യോദയത്തിനുശേഷം കഫകാലം ആരംഭിക്കുന്നതിനാല്‍ അതിനു മുമ്പു തന്നെ ഉറക്കമുണരുന്നത് ശരീരത്തിനും മനസ്സിനും ലാഘവവും ഊര്‍ജസ്വലതയും നല്‍കും.
ജീവജാലങ്ങളുടെ പോറ്റമ്മയാണ് ഉറക്കം എന്ന് ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പറയുന്നു. ഉറക്കം ജീവിതത്തിന്റെ മൂന്നു തൂണുകളില്‍ രണ്ടാമത്തെ തൂണാണ്. ശരിയായ ഉറക്കമില്ലായ്മ ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാണ്. വിവിധ പ്രായക്കാര്‍ക്ക് അവരുടെ പ്രായത്തിനനുസരിച്ച ഉറക്കമാണു വേണ്ടത്. കുട്ടികളും വൃദ്ധജനങ്ങളും കൂടുതല്‍ സമയം ഉറങ്ങേണ്ടവരാണ്.
എന്നാല്‍ പകലുറക്കം ആയുര്‍വേദ അഭിപ്രായമനുസരിച്ച് നിഷിദ്ധമാണ്. പകലുറക്കം കഫവും മേദസും വര്‍ധിപ്പിക്കുകയും ശരീരത്തെ തടിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇരുന്നുള്ള ചെറിയ മയക്കം ആവാം. അതു 30 മിനിറ്റില്‍ താഴെയെങ്കില്‍ വളരെ നന്ന്. രാത്രി ഉറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത പകല്‍ അത്രയും സമയം ഉറങ്ങാം.
സാധാരണയായി പ്രായപൂര്‍ത്തിയായ ആരോഗ്യവാനായ വ്യക്തിക്ക് ആറു മുതല്‍ എട്ടു വരെ മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്. ഇത്രയും ഉറങ്ങാത്തപക്ഷം ആരോഗ്യകരമല്ല. ഉറക്കം കിട്ടാത്തവര്‍ ക്ഷീരബലം 101 ആവര്‍ത്തിച്ചത് ചൂടാക്കിയ ശേഷം ഉള്ളംകാലില്‍ പുരട്ടുക. വലിയ ചന്ദനാദിതൈലം , ഹിമസാഗര തൈലം തുടങ്ങിയവ തലയില്‍ തേച്ചുകുളിക്കുന്നതും ഉറക്കം കിട്ടാന്‍ സഹായിക്കും.
Post Your Comments