കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനല്‍ അവതരിപ്പിച്ച ചെമ്പോല വ്യാജമാണെന്നും അന്ന് പുറത്തുവിട്ട വ്യാജവാര്‍ത്ത ആയിരുന്നുവെന്നും പുരാവസ്തു തട്ടിപ്പ് കേസിൽ മോന്സന് മാവുങ്കൽ പിടിയിലായതോടെ വ്യക്തമായിരുന്നു. ഇതിനിടെ 24 ന്യൂസിന്റെ കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സഹിന് ആന്റണി അവതരിപ്പിച്ച വ്യാജ വാര്‍ത്തയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ. ശങ്കു ടി. ദാസ് ഫേസ്ബുക്കിലൂടെ നടത്തിയ പരാതി ക്യാമ്പയിൻ മലയാളി സമൂഹം ഏറ്റെടുത്തിരുന്നു.
ഇതേതുടർന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ലക്ഷക്കണക്കിന് മലയാളികളാണ് പരാതി അയച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും മത സംഘടനകളുടേയും പിന്തുണ ഇല്ലാതെയാണ് ക്യാമ്പയിന് വലിയ സ്വീകാര്യത ലഭിച്ചതോടെ ക്യാമ്പയിൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 24 ന്യൂസ് ചാനൽ അഡ്വ.ശങ്കു ടി ദാസിന് വക്കീല്‍ നോട്ടീസ് അയച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതികള്‍ പിന്‍വലിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി നിരുപധികം മാപ്പ് പറയണമെന്നും നോട്ടീസിൽ പറയുന്നു. ഇനി മേലില്‍ ഈ വിഷയത്തില്‍ 24 ന്യൂസിന് പൊതുസമൂഹത്തിന് മുന്നില്‍ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു നടപടിക്കും മുതിരില്ലെന്ന് ഉറപ്പ് കൊടുക്കാത്ത പക്ഷം 1 കോടി രൂപക്ക് നിയമ നടപടി സ്വീകരിക്കും എന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
അതേസമയം നോട്ടീസിന് മറുപടി അയയ്ക്കുമെന്ന് അഡ്വ.ശങ്കു.ടി.ദാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഈ വിഷയത്തില്‍ 24 ന്യൂസിന് എതിരെ എഴുതിയതോ പറഞ്ഞതോ ആയ ഒരു പോസ്റ്റോ വാചകമോ പോലും പിന്‍വലിക്കാന്‍ താന്‍ തയ്യാറല്ലെന്നും ഏത് സിവില്‍ ക്രിമിനല്‍ വ്യവഹാരത്തെയും സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
24 ന്യൂസ് ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായരുടെ നിർദ്ദേശ പ്രകാരം ഹൈക്കോടതി അഭിഭാഷകനായ അഡ്വ. സി. ഉണ്ണികൃഷ്ണൻ എനിക്കെതിരെ അയച്ച വക്കീൽ നോട്ടീസ് ഇന്ന് ഉച്ചക്ക് ഇമെയിലിലായി കിട്ടി ബോധ്യപ്പെട്ടു. “മൂന്ന് ദിവസത്തിനകം വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വിഷയത്തിൽ ഞാനിത് വരെ എഴുതിയ എല്ലാ ഫേസ്ബുക് പോസ്റ്റുകളും ഡിലീറ്റ് ചെയ്യുകയും, അതുമായി ബന്ധപ്പെട്ട ചർച്ചകളിലും പരാതികളിലും ഞാൻ ഉന്നയിച്ച വാദങ്ങളും നടത്തിയ പ്രസ്താവനകളും മുഴുവൻ പിൻവലിക്കുകയും, 24 ന്യൂസിന് എതിരെ കേന്ദ്ര സർക്കാരിന് ഓൺലൈനായി പരാതികൾ അയക്കാൻ ആരംഭിച്ച ക്യാമ്പയിൻ അടിയന്തിരമായി അവസാനിപ്പിക്കുകയും, ഈ വിഷയത്തിൽ സമർപ്പിച്ച പരാതികൾ എല്ലാം പിൻവലിക്കുകയും, അത് കൂടാതെ മറ്റൊരു ഫേസ്ബുക് പോസ്റ്റിലൂടെ ഇത് വരെ നടത്തിയ ഇടപെടലുകൾക്കെല്ലാം പരസ്യമായി നിരുപധികം മാപ്പ് പറയുകയും, ഇനി മേലിൽ ഈ വിഷയത്തിൽ 24 ന്യൂസിന് പൊതുസമൂഹത്തിന് മുന്നിൽ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു നടപടിക്കും മുതിരില്ലെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്യാത്ത പക്ഷം എനിക്കെതിരെ 1 കോടി രൂപക്ക് നിയമ നടപടി സ്വീകരിക്കും എന്നാണ് നോട്ടീസിലെ താക്കീത്.” നോട്ടീസിന് അടുത്ത ദിവസം തന്നെ വിശദമായ മറുപടി അയക്കുന്നുണ്ട്.
അറബിക്കടലില്‍ കാണാതായ കടല്‍ നിരീക്ഷണയന്ത്രത്തിന്റെ മുകളിൽ കേരള അതിർത്തിയിലെ മത്സ്യത്തൊഴിലാളികള്‍
അതിൽ ഘണ്ടിക തിരിച്ച് തന്നെ തെറ്റായ ആരോപണങ്ങൾ നിഷേധിക്കുകയും ശരിയായ വസ്തുതകൾ വിശദീകരിക്കുകയും ചെയ്യുന്നതാണ്. ഇന്നിപ്പോൾ ചുരുക്കത്തിൽ ഇത്ര മാത്രം പറയാം. ഈ വിഷയത്തിൽ 24 ന്യൂസിന് എതിരെ എഴുതിയതോ പറഞ്ഞതോ ആയ ഒരു പോസ്റ്റോ വാചകമോ പോലും പിൻവലിക്കാൻ ഞാൻ തയ്യാറല്ല. ഞാൻ സമർപ്പിച്ച ഒരു പരാതിയും തിരിച്ചെടുക്കുകയോ അതുമായി ബന്ധപ്പെട്ട് ആരംഭിച്ച എന്തെങ്കിലും നടപടി അവസാനിപ്പിക്കുകയോ ചെയ്യില്ല. നിരുപാധികമായോ ഉപാധിയോടെയോ, പരസ്യമായോ സ്വകാര്യമായോ, ഫേസ്ബുക്കിലൂടെയോ നേരിട്ടോ ഒരു കാരണവശാലും ഞാൻ മാപ്പ് പറയുകയുമില്ല.
ഞാനീ വിഷയത്തിൽ ഇന്ന് വരെ എഴുതിയതോ പറഞ്ഞതോ ആയ ഓരോ വാക്കും വരിയും എന്റെ പൂർണ്ണ ബോധ്യത്തിലും ഉത്തമ വിശ്വാസത്തിലും ശരിയായ ധാരണയിലും ഞാൻ ഉന്നയിച്ചിട്ടുള്ളതാണ്. അതിൽ ഞാൻ ഉറച്ചു നിൽക്കുകയും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും ഈ വിഷയത്തിൽ സാധ്യമായ എല്ലാ തരത്തിലുമുള്ള നടപടികളുമായി മുന്നോട്ട് തന്നെ പോവുകയും ചെയ്യും.
അതിന്റെ പേരിൽ നേരിടേണ്ടി വരുന്ന ഏത് സിവിൽ ക്രിമിനൽ വ്യവഹാരത്തെയും പൂർണ്ണ മനസ്സാലേ ഞാൻ ഇതിനാൽ സ്വാഗതം ചെയ്യുന്നു.
തരിമ്പും ഖേദരഹിതനായി,
ശങ്കു തുളസീദാസ്.
Post Your Comments