ലണ്ടന്‍: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ജീവിക്കുന്നത് ഭയത്തിലാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ബ്രിട്ടീഷ് ദിനപത്രം ‘ദി ഗാര്ഡിയന്’. പത്രത്തിന്റെ സൗത്ത് ഏഷ്യന്‍ കറസ്പോന്‍ഡന്റ് ഹന്നാഹ് എല്ലിസ് പീറ്റേഴ്സണാണ് ഇതു സംബന്ധിച്ച ലേഖനം എഴുതിയത്. മതപരിവര്‍ത്തനത്തിന്റെ പേരുപറഞ്ഞാണ് ക്രിസ്ത്യാനികളെ ആക്രമിക്കുന്നതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ചത്തീസ്ഗഢിലെ തമേഷ് വാര് സാഹുവിനും കുടുംബത്തിനും എതിരെയുള്ള ആക്രമണം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പാവപ്പെട്ട ഹിന്ദുക്കളെ മതം മാറ്റുന്നുവെന്ന് ആരോപിച്ചാണ് പലയിടത്തും ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
അതേസമയം വിദേശ ഫണ്ട് വാങ്ങിയുള്ള മത പരിവര്‍ത്തനമാണ് നടക്കുന്നതെന്നും മതം മാറിയവര്‍ ഇന്ത്യക്കെതിരെ തിരിഞ്ഞെന്നും ചത്തീസ്ഗഢ് മുന്‍ മന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍ പ്രതികരിച്ചു. എന്നാൽ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കുന്നത് ആളുകളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടയാണെന്ന് ക്രിസ്ത്യന്‍ പ്രതിനിധികളെ ഉദ്ധരിച്ച് ലേഖനം പറയുന്നു. ഉത്തര്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണം നടന്നത് ലേഖനം ചൂണ്ടിക്കാണിക്കുന്നു.
മതപരിവർത്തന വിഷയത്തിൽ ചത്തീസ്ഗഢ് ന്യൂനപക്ഷ കമീഷന് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മഹേന്ദ്ര ചബ്ദ രംഗത്തെത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം സംസ്ഥാനത്ത് നടക്കുന്നില്ലെന്നും ഇന്ത്യയില്‍ എല്ലായിടത്തും മുസ്ലിംകളെ ലക്ഷ്യമിടുന്ന ബി.ജെ.പി ചത്തീസ്ഗഢില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments