ദോഹ: പള്ളികളില്‍ ജുമാ ഉള്‍പ്പെടെയുള്ള നമസ്‌കാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സാമൂഹിക അകലം പാലിക്കല്‍ ഒഴിവാക്കി ഖത്തർ. സ്വന്തമായി നമസ്‌കാരപായ കരുതല്‍, ഇഹ്തിറാസ് ഗ്രീന്‍ സ്റ്റാറ്റസ്, മാസ്‌ക് ധരിക്കല്‍ തുടങ്ങി നിബന്ധനകള്‍ കര്‍ശനമായി തന്നെ തുടരുമെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു. നാലാംഘട്ട ഇളവുകള്‍ നാളെ മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.
Read Also : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വീണ്ടുമെത്തുന്നു : സമ്മാനങ്ങൾ പ്രഖ്യാപിച്ചു
ഞായര്‍ മുതല്‍ പൊതുസ്ഥലങ്ങളിലെ കൂടുതല്‍ ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. അതേസമയം അടഞ്ഞ പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, പ്രദര്‍ശന വേദികള്‍, ഇവന്റുകള്‍, പള്ളികള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം. തുറന്ന സ്ഥലത്ത് ഉപഭോക്താക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ജോലിക്കാര്‍ മാസ്‌ക് ധരിക്കണം.
വീടിനു പുറത്തിറങ്ങുമ്പോള്‍ ഫോണില്‍ ഇഹ്തെറാസ് ആപ് ആക്ടിവേറ്റാകണം.സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ എല്ലാ ജീവനക്കാരും ഓഫിസിലെത്തണം. ഓഫിസ് യോഗങ്ങളില്‍ 30 പേര്‍ക്ക് പങ്കെടുക്കാം. അംഗങ്ങള്‍ കൂടിയാല്‍ യോഗം ഓണ്‍ലൈന്‍ ആക്കാം. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് പ്രതിവാര റാപ്പിഡ് ആന്റിജന്‍ പരിശോധന തുടരും. വാക്സീനെടുക്കുന്നതില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വ്യവസ്ഥ ബാധകമല്ല.
അധികം തിരക്കില്ലാത്ത മേഖലകളിലെ പള്ളികളില്‍ ശുചിമുറികളും അംഗശുദ്ധി വരുത്താനുള്ള ഇടങ്ങളും തുറക്കാം. പള്ളികളിലെ പ്രവേശന കവാടങ്ങളില്‍ ഇഹ്തെറാസ് കാണിക്കണം. നമസ്‌കാര പായ സ്വന്തമായി കൊണ്ടു വരികയും വേണം. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ 30 പേര്‍ക്ക് വീടുകള്‍ക്കും മജ്ലിസുകള്‍ക്കുമുള്ളില്‍ ഒത്തുചേരാം. ഇവരില്‍ 5 പേര്‍ മാത്രമേ വാക്സീനെടുക്കാത്തവരോ ഭാഗികമായി വാക്സിനെടുത്തവരോ ആകാന്‍ പാടുള്ളു. പുറത്ത് 50 പേര്‍ക്ക് ഒത്തുചേരാം. ഇവരില്‍ 10 പേര്‍ മാത്രമേ വാക്സിനെടുക്കാത്ത അല്ലെങ്കില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരാകാന്‍ പാടുളളു.
Post Your Comments