Latest NewsIndia

ക്യാപ്റ്റന്‍ ഇടഞ്ഞ് തന്നെ : അമിത് ഷായെ കണ്ട അമരീന്ദര്‍ കോൺഗ്രസിന്റെ ‘ജി 23’ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക്‌

പാര്‍ട്ടിക്ക് പ്രസിഡന്റില്ല. അതുകൊണ്ടുതന്നെ തീരുമാനങ്ങള്‍ എടുക്കുന്നത് ആരാണെന്ന് അറിയില്ല. എത്തിച്ചേരാന്‍ പാടില്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നത്

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ വിമത സ്വരം ഉയര്‍ത്തിയ ജി-23 നേതാക്കളുമായി ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. ബുധനാഴ്ച ഡല്‍ഹിയിലെത്തിയ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് അദ്ദേഹം ബിജെപിയില്‍ ചേരുമോ എന്ന കാര്യം വ്യക്തമല്ല. അതിനിടെയാണ് അദ്ദേഹം വിമത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്.

പഞ്ചാബിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി ജി-23 നേതാക്കളില്‍ പ്രമുഖനായ കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്ക് പ്രസിഡന്റില്ല. അതുകൊണ്ടുതന്നെ തീരുമാനങ്ങള്‍ എടുക്കുന്നത് ആരാണെന്ന് അറിയില്ല. എത്തിച്ചേരാന്‍ പാടില്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശം ഉന്നയിച്ച് സിബല്‍ കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധിക്ക് കത്തയച്ചത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

അതിനിടെ ജി 23 നേതാക്കളില്‍ ഒരാളായ ഗുലാം നബി ആസാദും കഴിഞ്ഞ ദിവസം പഞ്ചാബിലെ വിഷയങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ഗുലാം നബി ആവശ്യപ്പെട്ടിരുന്നു.അതിനിടെ, അമിത് ഷായും അമരീന്ദറും തമ്മില്‍ നടത്തിയ ഒരു മണിക്കൂര്‍നീണ്ട ചര്‍ച്ചയെക്കുറിച്ച് ബി.ജെ.പി. പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തതയുണ്ടാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചന നല്‍കി. കര്‍ഷക സമരത്തെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ചചെയ്തതെന്ന് അമരീന്ദര്‍ പറഞ്ഞു.

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാബിലെ ആഭ്യന്തരസുരക്ഷയെപ്പറ്റിയും ചര്‍ച്ചചെയ്തു -അദ്ദേഹം പറഞ്ഞു.സിദ്ദു ദേശവിരുദ്ധനും അപകടകാരിയുമാണെന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെ അമരീന്ദര്‍ കുറ്റപ്പെടുത്തിയിരുന്നു. സിദ്ദുവിനെ മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ത്തുകയാണെങ്കില്‍ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കും. ഇത്രയ്ക്ക് അപകടകാരിയായ വ്യക്തിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാണ്. തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ് മറ്റാര്‍ക്കെങ്കിലും പദവി നല്‍കാന്‍ തയ്യാറാണെന്ന് സോണിയാഗാന്ധിയോട് പറഞ്ഞതാണ്. എന്നാല്‍ അപമാനിച്ച് പടിയിറക്കുകയാണുണ്ടായത്.

ഇനി പോരാടുകതന്നെ ചെയ്യുമെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അനുഭവസമ്പത്തില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നവജോത് സിങ് സിദ്ദുവിന്റെ തോല്‍വി ഉറപ്പാക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ മാസം 18-ന് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച അമരീന്ദര്‍ ചൊവ്വാഴ്ച വൈകീട്ടാണ് ഡല്‍ഹിയിലെത്തിയത്. ഏതെങ്കിലും രാഷ്ട്രീയനേതാക്കളെ കാണാനല്ലെന്നും മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ കപൂര്‍ത്തല ഹൗസ് പുതിയ മുഖ്യമന്ത്രിക്കായി ഒഴിഞ്ഞുകൊടുക്കാനാണ് എത്തിയതെന്നുമായിരുന്നു അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ അദ്ദേഹം അമിത് ഷായുടെ വീട്ടിലെത്തുകയായിരുന്നു.

അമരീന്ദര്‍ പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആഘാതമുണ്ടാക്കുന്നതിനു പുറമേ കര്‍ഷക സമരത്തില്‍ നേരിട്ട് ഇടപെടാന്‍ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിക്കാമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നുണ്ട് എന്നാണ് പുറത്തുവന്ന വിവരം. അകാലിദള്‍ സഖ്യം പിരിഞ്ഞശേഷം സംസ്ഥാനത്ത് ദുര്‍ബലമായിപ്പോയ പാര്‍ട്ടിക്ക് അമരീന്ദറിന്റെ വരവ് പുതിയ ഊര്‍ജം നല്‍കുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍.തലയെടുപ്പുള്ള ഒരു നേതാവിന്റെ അഭാവം കൊണ്ടാണ് ഇക്കാലമത്രയും അകാലിദളിന്റെ നിഴലില്‍ ഒതുങ്ങിപ്പോയത് എന്നൊരു വിലയിരുത്തലുണ്ട് പാര്‍ട്ടിക്ക്.

അതിനിടെ, ബി.ജെ.പിയില്‍ ചേരുന്ന അമരീന്ദറിനെ കേന്ദ്രമന്ത്രിയാക്കുമെന്നും കൃഷിവകുപ്പ് നല്‍കിയേക്കുമെന്നുമെല്ലാം കഥകള്‍ പ്രചരിച്ചിരുന്നു.  അതേസമയം, ബി.ജെ.പിയില്‍ ചേരാതെ കോണ്‍ഗ്രസിന് ബദലായി പഞ്ചാബില്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കാനാവും അമരീന്ദറിന്റെ ശ്രമമെന്നും പറയപ്പെടുന്നുണ്ട്. ഇതിന് ബി.ജെ.പിയുടെ ഭാഗത്തുനിന്ന് എല്ലാ ആശിര്‍വാദവും സഹായവും ഉണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദു കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി രാജിവച്ചതോടെയാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button