ന്യൂഡൽഹി: സിപിഐ വിട്ട് കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകൾ ശക്തമാകുന്നതിനിടയിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കി വീണ്ടും കനയ്യ കുമാർ. പറ്റ്നയിലെ സിപിഐ ആസ്ഥാനത്തെ തന്‍റെ മുറിയില്‍ സ്ഥാപിച്ചിരുന്ന എയര്‍കണ്ടീഷനര്‍ (എസി) കനയ്യ അഴിച്ചുകൊണ്ടുപോയതായി റിപ്പോർട്ട്. പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ വിശദീകരണം നൽകാൻ പത്രസമ്മേളനം വിളിക്കണമെന്ന സിപിെഎ ദേശീയ നേതൃത്വത്തിന്‍റെ ആവശ്യം കനയ്യ തള്ളി. ഇതിനിടയിലാണ് എസി അഴിച്ചുകൊണ്ടു പോയത് പുറത്തുവരുന്നത്.
കനയ്യ എ.സി ഊരിക്കൊണ്ട് പോയതിൽ യാതൊരു പ്രശ്നവുമില്ലെന്നും അതിൽ തെറ്റില്ലെന്നുമാണ് പാർട്ടി വിശദീകരിക്കുന്നത്. കനയ്യ സ്വന്തം നിലയ്ക്ക് സ്ഥാപിച്ച എസിയാണെന്നും തിരികെ കൊണ്ടുപോയതില്‍ അപാകതയില്ലെന്നും സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ വ്യക്തമാക്കി. സെക്രട്ടറി അടക്കമുള്ളവർ നിരന്തരമായി കനയ്യയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ കനയ്യ തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ട്.
ഇതിനിടയിലും പ്രതീക്ഷ കൈവിടാതെ സിപിഐ ദേശീയ നേതൃത്വം. കനയ്യ കുമാറിനെതിരെ നടപടി ആലോചിക്കുന്നില്ലെന്ന് സിപിഐ വൃത്തങ്ങൾ പറയുന്നു. കനയ്യ ഇതുവരെ പാർട്ടി വിടുമെന്ന് അറിയിച്ചിട്ടില്ലെന്നും സിപിഐ നേതൃത്വം പറയുന്നു. കോൺഗ്രസിലേക്ക് ചേക്കേറുകയാണെന്ന് വെളിപ്പെടുത്തിയ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി, തനിക്കൊപ്പം കനയ്യ കുമാറും കോൺഗ്രസിലേക്ക് ചേരുമെന്നും പരസ്യ പ്രതികരണം നടത്തിയിരുന്നു. നാളെയാകും ഇരുവരും കോൺഗ്രസിൽ ചേരുക. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ദില്ലിയിലായിരിക്കും പാർട്ടി പ്രവേശനമെന്നാണ് സൂചന.
Post Your Comments