
ശ്രീനഗർ: ഉറി സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമത്തിൽ പിടികൂടിയ ഭീകരൻ ലഷ്കർ-ഇ-ത്വായ്ബയുടെ പ്രവർത്തകനായ 19കാരനെന്ന് റിപ്പോർട്ട്. പാകിസ്താനി പഞ്ചാബിൽ നിന്നുള്ള അലി ബാബർ പട്രയാണ് കീഴടങ്ങിയത്. പാകിസ്താനിലെ സൈനീക ഉദ്യോഗസ്ഥർ ഉൾപ്പെടെ തനിക്ക് ഭീകര പരിശീലനം നൽകിയിട്ടുണ്ടെന്ന് അലി ബാബർ വെളിപ്പെടുത്തി. ബാരാമുള്ളയിൽ ആയുധങ്ങൾ എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും കുടുംബത്തിലെ പട്ടിണി മൂലമാണ് ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടതെന്നും ഇയാൾ പറഞ്ഞു.
പിതാവിന്റെ പെട്ടെന്നുള്ള മരണം അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തെ ദാരിദ്ര്യത്തിലാഴ്ത്തി. സ്കൂൾ വിദ്യാഭ്യാസം മുടങ്ങിയതോടെ ലഷ്കർ-ഇ-ത്വായ്ബയിൽ ചേർന്നു. 2019ൽ ഗാർഗി ഹബിബുള്ള ക്യാമ്പിൽ മൂന്നാഴ്ചത്തെ പ്രാഥമിക പരിശീലനം ലഭിച്ചു. പിന്നീട് 2021ൽ റിഫ്രഷർ ട്രയിനിങ്ങിന്റെയും ഭാഗമായി. പാകിസ്താൻ സൈനിക ഉദ്യോഗസ്ഥരായിരുന്നു ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനത്തിനായി പ്രധാനമായും ക്യാമ്പിലുണ്ടായിരുന്നതെന്നും അലി ബാബർ വ്യക്തമാക്കി.
ഇസ്ലാം അപകടത്തിലാണെന്ന സന്ദേശമാണ് ക്യാമ്പിൽ പറഞ്ഞു തന്നത്. കശ്മീരിലെ മുസ്ലീങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുകയാണെന്ന് ഭീകര പരിശീലനത്തിനിടെ ബോധിപ്പിച്ചതായും അലി ബാബർ പറഞ്ഞു. മാതാവിന്റെ ചികിത്സക്കായി 20,000 രൂപയും ലഭിച്ചു. ബാരാമുള്ളയിലെ ഉത്തരവാദിത്വം പൂർത്തിയാക്കിയാൽ 30,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനമെന്നും ഇയാൾ വ്യക്തമാക്കി. കൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച മറ്റൊരാളെ ഇന്ത്യൻ സൈന്യം വധിച്ചതോടെ ഇയാൾ കീഴടങ്ങുകയായിരുന്നു.
അലി ബാബർ ഉൾപ്പെടെ ഏഴ് പേരുടെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം ഇതുവരെ തടഞ്ഞത്. സെപറ്റംബർ 18 മുതലായിരുന്നു ഇത്തരം നീക്കങ്ങളുടെ തുടക്കം. രാത്രികാലങ്ങൾ, മോശം കാലാവസ്ഥ, കഠിനമായ പാതകൾ എന്നീ സാഹചര്യങ്ങളിലാണ് പ്രധാനമായും നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നത്. ഇന്നലെ ഉറിയിലുണ്ടായ സംഭവത്തിൽ ഒരാളെ വധിക്കുകയും മറ്റൊരാളെ പിടികൂടുകയും ചെയ്തതിനിടെ നാല് പേർ പാകിസ്താനിലേക്ക് തിരിച്ചോടിയതായും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
Post Your Comments