കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ രാഘവൻ വളരെ കഷ്ടത്തിലാണ് ജീവിക്കുന്നതെന്ന തരത്തിൽ നിരവധി പോസ്റ്റുകൾ പ്രചരിച്ചിരുന്നു. എന്നാലിപ്പോൾ പ്രചരിക്കുന്ന എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നടൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മകൻ ജിഷ്ണു ക്യാൻസർ ബാധിതനായി ലോകം വിട്ടുപോയതോടെ നടൻ രാഘവനും ഭാര്യയും മകന്റെ ഓർമകളിൽ നീറിയാണ് കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ രാഘവന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും മറ്റും ചില വാർത്തകൾ വന്നിരുന്നു. ഒരു നിര്‍മാതാവാണ് സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവച്ചത്.
രാഘവനടക്കമുള്ള താരങ്ങള്‍ ഇന്നത്തെ കാലത്തെ സിനിമയില്‍ വേഷമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ പരിഗണിക്കണമെന്നുമായിരുന്നു ആ പോസ്റ്റ്. ഈ പോസ്റ്റിനെ ആധാരമാക്കി മുൻനിരാ ചാനലുകൾ അടക്കം നിരവധി പേര് വാർത്ത പങ്കുവെച്ചിരുന്നു.വാർത്ത വൈറലായതോടെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാഘവൻ. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ഈ പ്രായത്തിലും ജോലി ചെയ്ത് തന്നെയാണ് ജീവിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.
അടിസ്ഥാന രഹിതമായ വാർത്തകളോടുള്ള അമർഷവും അദ്ദേഹം പ്രകടിപ്പിച്ചു. ഇപ്പോൾ താൻ യാതൊരു തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്നില്ലെന്നും സാധിക്കുന്നിടത്തോളം കാലം അഭിനയിച്ച് ജീവിക്കാൻ തന്നെയാണ് തീരുമാനമെന്നും രാഘവൻ പറയുന്നു.ഇപ്പോൾ ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് രാഘവൻ. പ്രഭാസിനൊപ്പമാണ് രാഘവന്റെ പുതിയ സിനിമ. പ്രഭാസിന്റെ മുത്തച്ഛന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്.
വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലും രാഘവൻ ശ്രദ്ധേയവേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ നിരവധി മലയാള ചിത്രങ്ങളിലും ഇപ്പോള്‍ അദ്ദേഹം അഭിനയിച്ച് വരികയാണ്. നായകനായ ഒരു സിനിമയും റിലീസിന് തയ്യാറെടുക്കുകയാണെന്നും രാഘവൻ പറയുന്നു. ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിനിമകൾക്ക് പുറമെ സീരിയലുകളിലെയും സജീവ സാന്നധ്യമാണ് നടൻ രാഘവൻ.
‘എന്റെ മക്കളെപ്പോലും ഞാന്‍ എന്റെ കാര്യങ്ങള്‍ക്കായി ആശ്രയിക്കാറില്ല. താന്‍ ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്. വ്യാജ പ്രചരണങ്ങളില്‍ കടുത്ത വിഷമമുണ്ട്. ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ഈ പ്രായത്തിലും ഞാന്‍ ജോലി ചെയ്യുന്നു. നിലവില്‍ എനിക്ക് ജീവിക്കാനുള്ള അവസരങ്ങളൊക്കെ ലഭിക്കുന്നുണ്ട്.’ രാഘവൻ പറഞ്ഞു.
Post Your Comments