നാമമഹിമയുടെ ഉത്തമ മാതൃകയാണ് ശ്രീമദ് ഭാഗവതം. സത്യംപരാ ധീമഹിയില്‍ തുടങ്ങി സത്യംപരം ധീമഹി യില്‍ അവസാനിക്കുന്നു. നാമങ്ങള്‍ ചൊല്ലി ഭഗവാന്റെ സ്വന്തമായി മാറണം. യഥാര്‍ത്ഥ ഭക്തന് ജീവിതത്തില്‍ ആവലാതികളോ വേവലാതികളോ ഉണ്ടാവാന്‍ വഴിയില്ല. ഒറ്റയ്ക്ക് നാമം ജപിക്കുന്നതിനേക്കാള്‍ മഹത്വം കൂട്ടായി ജപിക്കുന്നതിനാണ്.
നാമം സര്‍വപാപഹരമാണ്, എങ്കിലും പാപങ്ങള്‍ ചെയ്ത് അവസാനം നാമം ജപിക്കുകയല്ല വേണ്ടത്. പ്രാര്‍ത്ഥിക്കുമ്പോള്‍ സമര്‍പ്പണ മനസ്സ് ഉണ്ടാകണം. സ്ത്രീകളുടെ മുടിയില്‍ എല്ലാ ദേവന്മാരും ഉണ്ടെന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് സ്ത്രീകള്‍ സൗന്ദര്യത്തിനുവേണ്ടി മുടി മുറിക്കരുത്. ദേവകിയുടെ തലമുടിയില്‍ പിടിച്ച കംസനും ദ്രൗപദിയുടെ മുടിയില്‍ പിടിച്ച ദുര്യോധനാദികള്‍ക്കും എന്തു സംഭവിച്ചു, അവര്‍ എങ്ങനെ നശിച്ചുവെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സംഗതിയാണ്.
രാമഭക്തന്‍ എല്ലാം നല്‍കുന്നവനാണെങ്കില്‍, കൃഷ്ണ ഭക്തന്‍ എല്ലാം നേടിയെടുക്കുന്നവനാണ്. ധര്‍മാര്‍ത്ഥ കാമമോക്ഷങ്ങളുടെ പ്രതീകമാണ് മഹാവിഷ്ണുവിന്റെ നാലു കൈകള്‍. ലോകം കണ്ട ഏറ്റവും വലിയ പ്രകടനക്കാരനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍. വേണുഗാനം അനങ്ങുന്നതിനെ നിശ്ചലമാക്കും അനങ്ങാത്തതിനെ ചലിപ്പിക്കും. ഗൗരവപൂര്‍വം വിവരിക്കേണ്ട ഭാഗവത കഥകള്‍ ശ്രോതാക്കളെ ഹരം പിടിപ്പിച്ച് അവതരിപ്പിക്കാനുള്ള പ്രവണത ശരിയല്ലെന്ന് അഭിപ്രായപ്പെടുന്നു. കഥകള്‍ ജിജ്ഞാസ ഉണര്‍ത്താന്‍ വേണ്ടി മാത്രമുള്ളതാണ്. ഇവയില്‍ മുഴുകി തത്വോപദേശങ്ങള്‍ വിട്ടുകളയരുത്. വലിയ വലിയ ചര്‍ച്ചകള്‍ നടത്തുമ്പോൾ കിട്ടുന്ന ആദ്ധ്യാത്മിക മുഖം ഈ ചര്‍ച്ചകള്‍ ലഘുവായാല്‍ നഷ്ടപ്പെടാന്‍ ഇടയുണ്ട്.
Post Your Comments