ന്യൂഡൽഹി: മുടി വെട്ടിയതിലെ പിഴവിന് 2 കോടി നഷ്ടപരിഹാരം യുവതിയായ ഉപഭോക്താവിന് നൽകണമെന്ന് ദേശിയ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. സ്ത്രികൾക്ക് മുടി എറെ പ്രധാനപ്പെട്ടതും ആത്മവിശ്വാസത്തിന്റെ ഭാഗവുമാണെന്ന് കമ്മീഷൻ പറഞ്ഞു. മുടി പരിപാലിയ്ക്കുന്നതിന്റെ ഭാഗമായ് വെട്ടുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ സ്ത്രിയുടെ വ്യക്തിത്വത്തെ ബാധിയ്ക്കും. പരാതിക്കാരിയായ യുവതിയുടെ നീളമുള്ള മുടി വെട്ടിയതിൽ വീഴ്ച ഉണ്ടായപ്പോൾ മോഡലിംഗ് അടക്കമുള്ള അവളുടെ ലക്ഷ്യങ്ങളെ ബാധിച്ചതായി കമ്മീഷൻ കൂട്ടിച്ചേർത്തു.
2018ലായിരുന്നു സംഭവം. 2018ൽ ഏപ്രിൽ 12ന് ഡൽഹിയിലെ ഐടിസി മൌര്യാ ഹോട്ടലിലെ സലൂണിലാണ് പരാതിക്കാരി മുടിവെട്ടിയത്. മുടി ഉത്പന്നങ്ങളുടെ മോഡൽ ആയിരുന്നു യുവതി. സലൂണിൽ ഉണ്ടാവാറുള്ള ഹെയർസ്റ്റൈലിസ്റ്റിനു പകരം മറ്റൊരു ആളാണ് യുവതിയുടെ മുടി വെട്ടിയത്. വെട്ടിക്കഴിഞ്ഞപ്പോൾ വളരെ കുറച്ച് മുടി മാത്രമാണ് അവശേഷിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. കൃത്യമായ നിർദ്ദേശം നൽകിയിട്ടും നാലിഞ്ച് മുടി മാത്രമേ അവർ അവശേഷിപ്പിച്ചുള്ളൂ. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ സലൂൺ സൗജന്യ കേശ ചികിത്സ നൽകാമെന്നറിയിച്ചു. ഇത് ചെയ്തപ്പോൾ മുടിക്ക് ഡാമേജുണ്ടായി. തലയോട്ടിക്ക് പൊള്ളൽ ഏൽക്കുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്തു എന്നും പരാതിക്കാരി പറയുന്നു. ജസ്റ്റിസ് ആർകെ അഗർവാൾ, ഡോ. എസ് എം കനിത്കർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
‘തങ്ങളുടെ മുടിയുമായി ബന്ധപ്പെട്ട് സ്ത്രീകൾ വളരെ ശ്രദ്ധാലുക്കളാണ്. അതിനെ നല്ല രീതിയിൽ സൂക്ഷിക്കാൻ അവർ പണം ചെലവിടുന്നു. അവർ മുടിയോട് വൈകാരിക അടുപ്പമുള്ളവരാണ്. പരാതിക്കാരി മുടി ഉത്പന്നങ്ങളുടെ മോഡലായിരുന്നു. പാൻ്റീനും വിഎൽസിസിക്കുമായി അവർ മോഡലിംഗ് ചെയ്തിട്ടുണ്ട്. എന്നാൽ, മുടി വെട്ടിയതിലെ പിഴവ് കാരണം അവർക്ക് അവസരങ്ങൾ നഷ്ടമാവുകയും ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു. അത് അവരുടെ ജീവിത രീതി അപ്പാടെ തകിടം മറിച്ചു. മികച്ച മോഡൽ ആവാനുള്ള യുവതിയുടെ സ്വപ്നങ്ങൾ തകർക്കപ്പെടുകയും ചെയ്തു’- കോടതി ഉത്തരവിൽ പറയുന്നു.
Post Your Comments