ന്യൂഡല്‍ഹി : പാകിസ്ഥാന് ഭീകരസംഘടനകളുടെ പിന്തുണയോടെ ഇന്ത്യയിൽ ഉത്സവ സീസണില്‍ വ്യാപക ആക്രമണം ലക്ഷ്യമിട്ട് ഭീകരര്‍ നുഴഞ്ഞു കയറാന്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഫ്ഗാനികളായ 40 ഭീകരര്‍ നിയന്ത്രണരേഖയ്ക്ക് സമീപം തമ്പടിച്ചതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. പൂഞ്ച് നദി നീന്തിക്കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാനാണ് ഇവരുടെ പദ്ധതി
നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാനിലെ നക്യാല്‍ സെക്ടറിലാണ് ഭീകരര്‍ ക്യാംപ് ചെയ്യുന്നത്. നദി വഴി രാജ്യത്ത് കടക്കാനാണു പദ്ധതി. ഇതിനായി ട്യൂബുകളും, വെള്ളത്തില്‍ മുങ്ങുമ്പോള്‍ ഉപരിതലത്തിന് മുകളില്‍ നിന്ന് വായു ശ്വസിക്കാന്‍ കഴിയുന്ന ഉപകരണവും ഭീകരരുടെ പക്കലുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
പാക് തീവ്രവാദ ഗ്രൂപ്പുകളും പാക് ചാരസംഘടനയായ ഐഎസ്ഐയും ഭീകര്‍ക്ക് പരിശീലനം നല്‍കുന്നതായും സൂചനയുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടിയ റിപ്പോര്‍ട്ടിൽ ടിഫിന്‍ ബോംബ് നിര്‍മ്മാണത്തിലും ഇവര്‍ക്ക് വിദഗ്ധ പരിശീലനം ലഭിച്ചതായും പറയുന്നു. പാക് ഭീകരസംഘടനകളായ ലഷ്കര്‍- ഇ തയ്ബ, ഹര്‍ക്കത് ഉള് അന്‍സാര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ നീക്കങ്ങള്‍ പിന്തുടര്ന്നപ്പോഴാണ് ഈ വിവരങ്ങള്‍ ലഭ്യമായതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
നവരാത്രി, ദീപാവലി ഉത്സവ സീസണുകളില്‍ ഇന്ത്യയില്‍ വ്യാപക സ്ഫോടനങ്ങള്‍ നടത്താനാണ് ഭീകരസംഘടനകള്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇതിനായി സ്ഫോടനത്തിനു ആവശ്യമായ വസ്തുക്കള്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി രാജ്യത്ത് എത്തിക്കാനാണ് ഭീകരുടെ പദ്ധതി.
Post Your Comments