Latest NewsKerala

‘പിരിവു തന്നില്ലെങ്കിൽ കൊടികുത്തും’ പ്രവാസി വ്യവസായിക്ക് സിപിഎം നേതാവിന്റെ ഭീഷണി

ബ്രാഞ്ച് സെക്രട്ടറി അടുത്ത ദിവസം രാവിലെ കൃഷി- വില്ലേജ് ഓഫിസർമാരും തഹസീൽദാരുമായി വരുമെന്നും സ്ഥലത്തു കൊടികുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ‌

കൊല്ലം : പ്രവാസി നിക്ഷേപകർക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നു സർക്കാർ ആവർത്തിച്ചു പ്രഖ്യാപിക്കുമ്പോഴും, പാർട്ടി ചോദിച്ച പിരിവു തന്നില്ലെങ്കിൽ ഭൂമിയിൽ കൊടി കുത്തുമെന്ന് അമേരിക്കൻ മലയാളിയായ കൺവൻഷൻ സെന്റർ ഉടമയ്ക്കു സിപിഎം നേതാവിന്റെ ഭീഷണി. പിന്നാലെ പ്രവാസിയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി.

പത്തു വർഷമായി അമേരിക്കയിൽ വെൽഡിങ് ജോലി നോക്കുന്ന മൈനാഗപ്പള്ളി കോവൂർ മായാവിലാസത്തിൽ ഷഹി വിജയന്റെ ഭാര്യ ഷൈനിയാണു സിപിഎം ചവറ ഈസ്റ്റ് മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനും കൃഷി ഓഫിസർക്കുമെതിരെ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും പരാതി നൽകിയത്. ഷഹിയും ഡേ കെയർ സെന്ററിൽ ജോലി നോക്കുന്ന ഷൈനിയും മക്കളോടൊപ്പം ഹൂസ്റ്റണിലാണ്.ഷഹിയുടെയും ഷൈനിയുടെയും ഉടമസ്ഥതയിൽ ചവറ മുഖംമൂടി മുക്കിനു സമീപമുള്ള 75 സെന്റ് ഭൂമിയിലാണു കൺവൻഷൻ സെന്റർ നിർമിച്ചത്.

വായ്പയും സമ്പാദ്യവും ഉപയോഗിച്ച് ഏതാണ്ട് 10 കോടിയോളം രൂപ ചെലവാക്കിയാണു പണിതത്. പാർട്ടി നിർമിക്കുന്ന ശ്രീകുമാർ രക്തസാക്ഷി മണ്ഡപത്തിനായി 10000 രൂപ പിരിവു ചോദിച്ചിട്ടു തന്നില്ലെന്നും ചോദിക്കുമ്പോഴൊക്കെ കളിയാക്കുകയാണെന്നും ഷഹി വിജയന്റെ സഹോദരന്റെ മകനെ ഫോണിൽ വിളിച്ചു പറഞ്ഞ ബ്രാഞ്ച് സെക്രട്ടറി അടുത്ത ദിവസം രാവിലെ കൃഷി- വില്ലേജ് ഓഫിസർമാരും തഹസീൽദാരുമായി വരുമെന്നും സ്ഥലത്തു കൊടികുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ‌

താൻ ഭാരവാഹിയായ ക്ഷേത്രത്തിന്റെ ആവശ്യത്തിന് 15000 രൂപ ചോദിച്ചിട്ടു തന്നില്ലെന്നും പറഞ്ഞു. സംഭവം വിവാദമായതോടെ ബ്രാഞ്ച് സെക്രട്ടറി പിന്നീട് ഫോണിൽ വിളിച്ച്, പിരിവു ചോദിച്ചിട്ടില്ലെന്നും 26 സെന്റ് വയൽ നികത്തിയതിലാണു പരാതിയെന്നും പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പുറത്തായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button