ബംഗളൂരു: കർണാടകയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. ഇതുസംബന്ധിച്ച കാര്യങ്ങൾ ഉടൻ തന്നെ പ്രാവർത്തികമാക്കുമെന്നും അദ്ദേഹം അറിയിച്ചു. എം.എൽ.എ ഗൂലിഹട്ടി ശേഖർ നേരത്തെ മതപരിവർത്തന നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവെയാണ് കർണാടക ആഭ്യന്തര മന്ത്രി നിർണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
തന്റെ മാതാവ് ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് ഗൂലിഹട്ടി ശേഖർ വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ മൊബൈലിലെ റിംഗ് ടോൺ പോലും ക്രിസ്തീയ ഭക്തിഗാനമാണെന്നും അമ്മയോട് കുങ്കുമം ധരിക്കരുതെന്ന് അവർ നിർദേശിച്ചുവെന്നും എംഎൽഎ പറഞ്ഞു. ഹിന്ദുമത വിശ്വാസികളായ 20000 ത്തോളം പേരെ മതം മാറ്റിയെന്നും എം എൽ എ ആരോപിച്ചു.
ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ നിരവധി ബിജെപി നേതാക്കൾ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നു. മുൻ സ്പീക്കർ കെ.ജി ബൊപ്പയ്യ, നാഗ്താൻ എംഎൽഎ ദേവാനന്ദ് എന്നിവരും കർണാടകയിൽ മതപരിവർത്തനം വർദ്ധിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. ക്രിസ്ത്യൻ മിഷനറിമാരാണ് മതപരിവർത്തനത്തിന് പിന്നിലെന്നാണ് മിക്കവരുടെയും ആരോപണം. ഇതോടെയാണ് ആഭ്യന്തരമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ടത്.
Post Your Comments