ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയെ സമീപിച്ചു. സിബി മാത്യൂസ് അടക്കമുളള അന്നത്തെ 18 അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് ഈ തുക ഈടാക്കി നല്‍കണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ഇന്‍സ്പെക്ടര്‍ പി. വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സി.ബി.ഐ മുഖാന്തരമാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. നിലവില്‍ സി.ബി.ഐയുടെ പക്കലുളള ഐ.എസ്.ആര്‍.ഒ ഗൂഡാലോചനക്കസില്‍ പ്രതികള്‍ക്കോ സാക്ഷികള്‍ക്കോ പുതുതായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അന്വേഷണസംഘത്തെ അറിയിക്കാന്‍ നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ഹർജി.
‘മൂന്നര വര്‍ഷം വിചാരണ പോലുമില്ലാതെ ജയിലില്‍ കിടന്നു. തുടര്‍ന്ന് ജീവിതം നഷ്ടമായി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇന്‍സ്‌പെക്ടര്‍ വിജയന്‍റെ വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് ആധാരം. വിജയന്‍ ലൈംഗികമായി പീഡിപ്പിച്ചു. അദ്ദേഹത്തിനെതിരെ പീഡനക്കേസ് കേസ് രജിസ്റ്റര്‍ ചെയ്യണം’- മറിയം റഷീദ ഹർജിയിലൂടെ വ്യക്തമാക്കി.
ദേശീയ തലത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഐ.എസ്.ആര്‍.ഒ. ചാരക്കേസ്. തിരുവനന്തപുരം ഐഎസ്‌ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം.
Post Your Comments