കൊച്ചി : കുറഞ്ഞ ചെലവിൽ മൂന്നുനേരം ഭക്ഷണം നൽകുന്ന സംവിധാനത്തിന് സംസ്ഥാനത്ത് ആദ്യമായി തുടക്കമിട്ട് കൊച്ചി കോർപ്പറേഷൻ. ഗാന്ധിജയന്തി ദിനത്തിലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. പത്തു രൂപയ്ക്ക് ഉച്ചയൂണിലാണ് തുടക്കം.ചോറും സാമ്പാറും തോരനുമാണ് ഇതിൽ ഉണ്ടാവുക. സ്പെഷ്യൽ ആവശ്യമുള്ളവർ അധികതുക നൽകണം. പ്രഭാതഭക്ഷണവും അത്താഴവും പിന്നാലെ നൽകാനാണ് ലക്ഷ്യം.
മുഖ്യമന്ത്രിയുടെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്.
എറണാകുളം നോർത്ത് പരമാര റോഡിലെ കോർപ്പറേഷൻ വക ലിബ്രാ ടൂറിസ്റ്റ് ഹോമിന്റെ താഴത്തെ നില കേന്ദ്രീകൃത ആധുനിക അടുക്കളയാകും. 50 ലക്ഷം രൂപയുടെ പദ്ധതി കുടുംബശ്രീയുമായി ചേർന്നാണ് യാഥാർത്ഥ്യമാക്കുന്നത്. ഒപ്പം പ്രമുഖ കമ്പനികളുടെ സി.എസ്.ആർ ഫണ്ടും വിനിയോഗിക്കും.
ലോക്ക് ഡൗൺ കാലത്ത് നഗരത്തിലെ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കും കോർപ്പറേഷൻ സൗജന്യഭക്ഷണം എത്തിച്ചിരുന്നു. ഇതിന്റെ വിജയമാണ് സ്മാർട്ട് കിച്ചൻ ആശയം മുന്നോട്ടു വയ്ക്കാൻ മേയർ അഡ്വ.എം. അനിൽകുമാറിനെ പ്രേരിപ്പിച്ചത്.
Post Your Comments