തിരുവനന്തപുരം: പുതിയ കായികനയം അടുത്ത വർഷം ജനുവരിയിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കണ്ണൂർ, എറണാകുളം ജില്ലകളിലെ ഫുട്ബാൾ അക്കാഡമികൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തുകളിലും കളിക്കളം എന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്നും ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പ് സർവേ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്ത് 40 മൈതാനങ്ങൾ നിലവിൽ വരികയാണ്. കൂടുതൽ ഫുട്‌ബോൾ മത്സരങ്ങൾ കേരളത്തിൽ നടത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഫുട്‌ബോളിൽ കേരളത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് സർക്കാർ ക്രിയാത്മക നടപടികൾ സ്വീകരിച്ചു വരിയാണ്. സ്വകാര്യ ഫുട്ബാൾ അക്കാഡമികളെയും ടർഫുകളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എന്നാൽ ലാഭക്കൊതി മൂത്ത് കളിക്കാരെയും കളിയെയും മറക്കുന്ന സ്ഥിതി അനുവദിക്കാനാവില്ല. മികച്ച പരിപാലനവും പ്രോത്സാഹനവും നൽകിയാൽ മികച്ച ഫുട്‌ബോൾ താരങ്ങളെ വളർത്തിയെടുക്കാനാവുമെന്ന്’ അദ്ദേഹം വ്യക്തമാക്കി.
‘കണ്ണൂരിലും എറണാകുളത്തും ആരംഭിച്ച അക്കാഡമികൾ വനിതകൾക്ക് മാത്രമായുള്ളതാണ്. ഒരു കാലത്ത് കേരളത്തിൽ മികച്ച വനിത ഫുട്‌ബോൾ താരങ്ങൾ ഉണ്ടായിരുന്നു. അക്കാഡമിക്ക് ഒപ്പം സ്‌കൂൾ, കോളേജ് തലങ്ങളിലും ഫുട്‌ബോളിനെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ടൂർണമെന്റുകൾ പെൺകുട്ടികൾക്കായി നടത്താനുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന്’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച കെ.ബി ഗണേഷ് കുമാറിനെ ട്രോളി നടന്‍ വിനായകന്‍
Post Your Comments