മെൽബൺ : ചൈനയെ നേരിടാൻ ആസ്ട്രേലിയയ്ക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും. ആണവ മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള ആസ്ട്രേലിയന്‍ പദ്ധതിയില്‍ സഹകരിച്ചുകൊണ്ടാകും ഇതിന്റെ തുടക്കം.
ഔക്കസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പുതിയ സഖ്യത്തിന്റെ നയങ്ങള്‍ അനുസരിച്ച് നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), സമുദ്രാന്തര സാങ്കേതികവിദ്യ, ദീര്‍ഘദൂര മിസൈലുകള്‍ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഇതിലെ അംഗങ്ങള്‍ തമ്മില്‍ കൈമാറും. ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലുകള്‍, തീര്‍ത്തും ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്നതും ആസ്ട്രേലിയയില്‍ നിലവിലെ മുങ്ങിക്കപ്പലുകളേക്കാള്‍ മെച്ചപ്പെട്ടവയും ആയിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മാത്രമല്ല, ഇതിന്റെ പ്രതിരോധം വിദൂരപൂര്‍വ്വ ദേശങ്ങള്‍ വരെ നീളുന്നതുമാണ്.
ചൈനയുടെ പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും മേഖലയിലെ ചൈനയുടെ അമിതമായ ആഗ്രഹങ്ങള്‍ക്ക് വിലങ്ങിടുക എന്നത് തന്നെയാണ് ഈ സഖ്യത്തിന്റെ ഉദ്ദേശം എന്ന് വ്യക്തമാണ്. ഇരുപതാം നൂറ്റാണ്ടില്‍ ചെയ്തത് പോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭീഷണി നേരിടാന്‍ വിപുലീകരിച്ച സഖ്യം പ്രാപ്തമാണെന്ന് ബൈഡന് പറഞ്ഞു.
നിലവില്‍ ബ്രിട്ടനുമായി മാത്രമാണ് അമേരിക്ക ഈ സാങ്കേതിക വിദ്യ പങ്കുവച്ചിരിക്കുന്നത്. 1958-ലെ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് പങ്കുവച്ചത്. മുങ്ങിക്കപ്പലുകളുടെ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം അടുത്ത 18 മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു. അഡെലെയ്ഡിലായിരിക്കും നിര്‍മ്മാണം നടക്കുക.
അതേസമയം ഇന്ത്യയുടെ കൂടി രഹസ്യ പിന്തുണയുള്ള ഈ പുതിയ സഖ്യത്തിന്റെ രൂപീകരണം ചൈനയെ അസ്വസ്ഥമാക്കിയിട്ടുണ്ട്.
Post Your Comments