കര്‍ണാടകയിലെ കുശാല്‍നഗറിലാണ് സുവര്‍ണ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കേരളത്തില്‍ നിന്ന് ഏകദേശം ഏഴ് മണിക്കൂര്‍ കൊണ്ട് പോയി വരാം. കര്‍ണാടകയിലെ കുശാല്‍ നഗറില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ടിബറ്റന്‍ ക്ഷേത്രത്തില്‍ എത്താം. അല്ലെങ്കില്‍ മൈസൂര്‍- മടിക്കേരി വഴി മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം. പേര് സൂചിപ്പിക്കുന്നതിന് വിപരീതമായി തീര്‍ത്തും ഗ്രാമീണ അന്തരീക്ഷമുളള ഒരിടമാണ് കുശാല്‍നഗരം. റോഡിനിരുവശത്തും പാടങ്ങളും പച്ചക്കറി കൃഷിയുമാണ്. മടിക്കേരിയേയും കുശാല്‍ നഗരത്തേയും ബന്ധിപ്പിക്കുന്ന റോഡിനിരുവശവും കാടിനോട് സദൃശ്യമായ പ്രദേശങ്ങളാണ്.
കുശാല്‍ നഗരത്തിലെത്തിയാല്‍ ടിബറ്റന്‍ ക്ഷേത്രത്തിലേക്കുളള യാത്രാനിര്‍ദേശം തരുന്ന ദിശാബോര്‍ഡുകള്‍ റോഡരികില്‍ കാണാം. അത്ര വലുതല്ലാത്ത നടന്ന് കയറാന്‍ കഴിയുന്ന ഒരു മലമുകളിലാണ് ക്ഷേത്രം. ക്ഷേത്രത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഒരു കൊച്ചു ടിബറ്റിലെത്തിയ പ്രതീതിയാണ് ഉണ്ടാകുക. ടിബറ്റന്‍ മാതൃകയിലുളള വീടുകളും കൃഷിയിടങ്ങളും സന്യാസിമഠങ്ങളും മാത്രമേ അവിടെ കാണാന്‍ കഴിയൂ.
ഇത്തരമൊരു ബുദ്ധ ക്ഷേത്രം ഇന്ത്യയുടെ തെക്കേ അറ്റമായ കുശാല്‍നഗരം പോലൊരു ഇടത്തിന്റെ പുറകിലെ ചരിത്രം നീണ്ട ഒരു പലായനത്തിന്റെ കഥയാണ്. 1950-ല്‍ ചൈനയുടെ അപ്രതീക്ഷിതമായ ആക്രമണമാണ് ടിബറ്റന്‍ ലാമമാരെ ഇന്ത്യയിലെത്തിച്ചത്. ചൈനയുടെ ആക്രമണത്തില്‍ തങ്ങളുടെ രാജ്യത്ത് നിലനില്‍പ്പില്ല എന്നു മനസ്സിലാക്കിയ ലാമമാര്‍ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു.അങ്ങനെ ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ ഒരു സംഘം ടിബറ്റന്‍ സന്യാസിമാര്‍ ഒത്തുചേര്‍ന്നു. എന്നാല്‍ കുടിയേറിയ അത്രയും പേര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് അവരില്‍ ഒരു സംഘം കുശാല്‍നഗരത്തിലെത്തി.
പ്രതികൂലമായ കാലാവസ്ഥയെ അതിജീവിക്കുകയെന്നത് അവര്‍ക്കൊരു വെല്ലുവിളി തന്നെയായിരുന്നു.ക്ഷേത്രത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ധാരാളം കൊത്തുപണികളുളള ക്ഷേത്രത്തിന്റെ പ്രവേശനകവാടം സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ ബുദ്ധമത കേന്ദ്രമാണ് ഈ ടിബറ്റന്‍ ക്ഷേത്രം.ബുദ്ധമത ഗ്രന്ഥങ്ങളും, ആനക്കൊമ്പുകളും, പ്രാര്‍ത്ഥനാ ചക്രങ്ങളും, ക്ഷേത്രത്തിനകത്തെ മറ്റ് ആകര്‍ഷണങ്ങളാണ്.
Post Your Comments