കാബൂള്‍: പാക്കിസ്ഥാൻ ഭരണകക്ഷി നേതാവായ നീലം ഇര്‍ഷാദ് ഷെയ്ഖാന്റെ അഭിമുഖമാണ് ഇന്ന് ലോക നേതാക്കൾക്കിടയിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയത്. ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫിന്റെ നേതാവായ നീലം ഇര്‍ഷാദ് ഷെയ്ഖാണ് താലിബാന്റെ മുന്നേറ്റത്തില്‍ അമിതാഹ്ലാദവുമായി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താലിബാന് മുസ്ലീങ്ങള്‍ക്കൊപ്പമാണെന്നും അധികം വൈകാതെ കാശ്മീരിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കാന്‍ അവര്‍ സഹായിക്കും എന്നുമാണ് ഈ വനിത നേതാവിന്റെ പ്രഖ്യാപനം.
എന്നാൽ താലിബാന്റെ വളർച്ചയ്ക്ക് പിന്നിൽ പാക്കിസ്ഥാന് രഹസ്യാന്വേഷണ സംഘടനയായ ഐ എസ് ഐ യ്ക്കുള്ള പങ്ക് പല അന്താരാഷ്ട്ര നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണത്തിന് പിന്നാലെ കഴിഞ്ഞ മാസം ഐ എസ് ഐ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫെയ്സ് ഹമീദ് കാബൂളിലെത്തി താലിബാന് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും വന്ന പ്രസ്താവന പാക്കിസ്ഥാന് ഭരണകൂടത്തിന്റെ നിലപാട് തുറന്നുകാട്ടുന്നതാണ് എന്നാണ് അഫ്ഗാനിസ്ഥാനിലെ മുന്‍ കനേഡിയന്‍ അമ്പാസിഡറായ ക്രിസ് അലക്സാന്‍ഡര്‍ പറയുന്നത്.
കാര്യമായ അറിവൊന്നുമില്ലാത്ത ഒരു രാഷ്ട്രീയ നേതാവ് സൈനിക ഉദ്യോഗസ്ഥരില്‍ നിന്നോ ഐ എസ് ഐ വൃത്തങ്ങളില്‍നിന്നോ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറക്കിയ ഒരു പ്രസ്താവനയായി ഇതിനെ തള്ളിക്കളയാന്‍ ആകില്ലെന്നും അദ്ദേഹം പറയുന്നു. റാവല്‍പിണ്ഡിയിലെ അധികാരത്തിന്റെ ഇടനാഴികളിലും ഐ എസ് ഐ ആസ്ഥാനത്തും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ രത്ന ചുരുക്കവും ഇതാണെന്ന് മുന്‍ നയന്തന്ത്ര ഉദ്യോഗസ്ഥന് പറയുന്നു. അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ ഭീകര പരിശീലന ക്യാമ്പുകള്‍ തുറക്കാന്‍ ഐ എസ് ഐയ്ക്ക് കഴിയുകയും അതുപോലെ പാക്കിസ്ഥാനിലെ മദ്രസകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന കൂടുതല്‍ പേരെ ഈ വഴിയില്‍ കൊണ്ടുവരാന്‍ ആവുകയും ചെയ്താല്‍ അത് കാശ്മീരില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഐ എസ് ഐക്ക് സഹായകരമാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം കാശ്മീരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ അഫ്ഗാന് വംശജരെ പാക്കിസ്ഥാന് കൂടുതലായി ഉപയോഗിച്ചിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments