ഇസ്ലാമാബാദ്: ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് മികച്ച വിജയം കൈവരിച്ചതായി പാകിസ്ഥാന് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ . രാഷ്ട്രത്തിന്റെ പിന്തുണയോടെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിലും രാജ്യത്ത് സാധാരണ നില കൊണ്ടുവരുന്നതിലും സായുധ സേന അഭൂതപൂര്‍വമായ വിജയങ്ങള്‍ നേടിയെന്ന് ബജ്വ വ്യക്തമാക്കി.
പാകിസ്ഥാന് സൈന്യവും രാഷ്ട്രവും തമ്മിലുള്ള ബന്ധം രാജ്യത്തിനെതിരെയുള്ള ശത്രുവിന്റെ തന്ത്രങ്ങളെ എപ്പോഴും പരാജയപ്പെടുത്തിയ ‘ശക്തമായ കവചം’ ആണെന്ന് ഖമര്‍ ജാവേദ് ബജ്വ പ്രസ്താവിച്ചു. രാജ്യത്തിന്റെ പിന്തുണയില്ലെങ്കില്‍ ഏത് സൈന്യവും അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ കണ്ടതു പോലെ പരാജയപ്പെടുമെന്നും ജനറല്‍ ഖമര്‍ ജാവേദ് ബജ്വ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത തീവ്രവാദ സംഘടനയായ താലിബാനുമായി പാകിസ്ഥാന് അടുത്ത ബന്ധമാണുള്ളതെന്ന ആരോപണം നിലനില്‍ക്കെയാണ് സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍.
അതേസമയം, കശ്മീര്‍ വിഷയത്തിലും പാക് സൈനിക മേധാവി തങ്ങളുടെ നിലപാട് വ്യക്തമാക്കി. ‘കശ്മീര്‍ വിഷയത്തിലും ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്കും പാകിസ്ഥാന് സൈന്യത്തിന്റെ പിന്തുണയുണ്ട്’, കശ്മീര്‍ സംഘര്‍ഷത്തെ പരാമര്‍ശിച്ച് ബജ്വ പറഞ്ഞു. കശ്മീര്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെടാതെ ഈ മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനില്‍ക്കില്ലെന്ന് ലോകം അറിയണമെന്നും ഖമര്‍ ജാവേദ് ബജ്വ പറഞ്ഞു.
Post Your Comments