ഇടുക്കി: കാമാക്ഷി താമഠത്തിൽ സിന്ധുവിനെ (45) കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. ഒളിവിലായിരുന്ന പ്രതി പണിക്കൻകുടി മാണിക്കുന്നേൽ ബിനോയി സേവ്യർ (48) അറസ്റ്റിൽ. 3 ദിവസമായി പെരിഞ്ചാൻകുട്ടി തേക്ക്–മുള പ്ലാന്റേഷനിൽ ഒളിവിൽ കഴിഞ്ഞ ശേഷം കേരളം വിടാനായി പുറത്തേക്ക് വരുമ്പോഴാണ് സ്വകാര്യ ജീപ്പിൽ വേഷം മാറി എത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
സിന്ധുവിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. 5 വർഷമായി തന്നോടൊപ്പം താമസിച്ചിരുന്ന സിന്ധു രോഗിയായ ഭർത്താവിനൊപ്പം പോകാനുള്ള സാധ്യതയും ഫോണിൽ മറ്റു പലരുടെയും കോളുകൾ വരുന്നതു സംബന്ധിച്ച സംശയവുമാണു കൊലപാതകത്തിലേക്കു നയിച്ചത്. സിന്ധുവുമായി കലഹം പതിവായിരുന്നെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
സിന്ധുവിന്റെ 12 വയസ്സുള്ള മകനെ ഇയാളുടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ച ശേഷം ഓഗസ്റ്റ് 11ന് രാത്രി 12.30 നാണ് കൊലപാതകം നടത്തിയത്. മർദിച്ചതും ശ്വാസംമുട്ടിച്ചതും കൂടാതെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്നതിനും ശ്രമിച്ചു. ദേഹത്തു കയറി ഇരുന്ന് മുഖത്ത് അമർത്തിപ്പിടിച്ചു. ഇതിനിടെയാണ് സിന്ധുവിന്റെ വാരിയെല്ലുകൾ പൊട്ടിയത്. സിന്ധു അബോധാവസ്ഥയിലായ ഉടൻ അടുപ്പു മാറ്റി കുഴി എടുത്ത് ശരീരത്തിൽ നിന്നു വസ്ത്രങ്ങൾ മാറ്റിയ ശേഷം കുഴിയിലിട്ടു മൂടുകയായിരുന്നു. വായ തുറന്നിരുന്നതിനാൽ പ്ലാസ്റ്റിക് ഉപയോഗിച്ചു മൂടി. തുടർന്നു മണ്ണിട്ട ശേഷം അടുപ്പ് പഴയപടിയാക്കി ചാണകം കൊണ്ട് മെഴുകി അടുപ്പിൽ തീ കത്തിക്കുകയും ചെയ്തു.
Read Also: രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാം?
സിന്ധുവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെ വീടുവിട്ടിറങ്ങിയ ബിനോയി 16നു പെരിഞ്ചാൻകുട്ടി തേക്ക് പ്ലാന്റേഷനുള്ളിൽ പാറയുടെ വിടവിൽ താമസിച്ചു. പിറ്റേന്ന് കേരളം വിടുന്നതിനായി അണക്കരയിലെത്തി. തുടർന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ തങ്ങിയ ശേഷം തമിഴ്നാട്ടിലേക്കു കടന്നു. പൊലീസ് മൃതദേഹം കണ്ടെത്താതിരുന്നതിനെത്തുടർന്ന് വീണ്ടും നാട്ടിലെത്തി. കൂടുതൽ പണം സമ്പാദിച്ച് കേരളം വിടുകയായിരുന്നു ലക്ഷ്യം.
Post Your Comments