കോഴിക്കോട്: ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുമ്പായിരുന്നു. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച ദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിനിടെ എന്തുചെയ്യണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് മുന്നൂരിലെ വീട്ടിൽ വാഹിദയും ഭര്‍ത്താവ് അബൂബക്കറും. വീട് അടഞ്ഞുകിടക്കുകയാണ്. മുൻപിൽ ഹാഷിമിന്റെ ഓറഞ്ചു നിറമുള്ള സൈക്കിൾ ചാരിവച്ചിട്ടുണ്ട്.
മകനെ അവസാനമായി ഒന്ന് കാണാൻ പോലും ഇവർക്കായില്ല. ‘ഓനങ്ങനെ നെലത്ത് വീണുകിടക്കുന്ന പേരയ്ക്കയൊന്നും തിന്നൂല്ല. ഞാൻ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാൻ കഴിച്ചിട്ടുണ്ട്. വേറെ പ്രശ്നൊന്നും ഉണ്ടായിരുന്നില്ല. അന്നും കൂടി ഓടിക്കളിച്ചതാണേ’ ഇടറിയ ശബ്ദത്തിൽ അബൂബക്കർ പറയുന്നു. ശനിയാഴ്ച രാത്രി വരെ മകനൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബൂബക്കറും വാഹിദയും.
‘നിപ്പ സ്ഥിരീകരിച്ചു, നിങ്ങൾ ഐസലേഷനിൽ പോവണം. ആരുമായും സമ്പർക്കമില്ലാതെ കഴിയണം’ എന്ന് രാത്രി 12 മണിയോടെയാണ് യാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്തു ചെയ്യണമെന്നറിയാതെ തരിച്ചു പോയ നിമിഷം. പിന്നെ ഇരുവരും വാഹിദയുടെ ബന്ധുവിന്റെ ചെറുവാടിയിലെ വീട്ടിലേക്കു പോന്നു. പുലർച്ചെ 4.30ന് മകന്റെ മരണവാർത്തയാണ് മാതാപിതാക്കളെ തേടിയെത്തിയത്. ഹാഷിമിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽപ്പെട്ട അബൂബക്കറും വാഹിദയും ബന്ധുക്കളുമടക്കം 5പേരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പകര്‍ന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ്. പഴൂരില്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഇന്ന് പരിശോധന നടത്തും.
മരിച്ച കുട്ടിയുടെ വീട്ടില്‍ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്യും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവ ഏത് വിഭാഗത്തില്‍ പെടുന്നു എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. വവ്വാലിന്‍റെ സ്രവ സാമ്പിള്‍ പരിശോധിക്കേണ്ടതുണ്ടോ എന്നത് പിന്നീട് തീരുമാനിക്കും.
Post Your Comments