Latest NewsIndiaInternational

നേപ്പാളിൽ ഇന്ത്യാ വിരുദ്ധ പ്രകടനങ്ങള്‍ക്ക് വിലക്ക് , പ്രധാനമന്ത്രി മോദിയുടെ കോലം കത്തിച്ചാല്‍ ജയിലില്‍ പോകും

ഒരു കാരണവശാലും സൗഹൃദ രാഷ്‌ട്രത്തിന് എതിരായി നേപ്പാളിന്റെ മണ്ണ് ഉപയോഗിക്കരുതെന്നും നടപടി സ്വീകരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്ന് നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്താവന. നേപ്പാളില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഭരണ സഖ്യകക്ഷിയായ മാവോയിസ്റ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവികളും പ്രവര്‍ത്തകരും ചേര്‍ന്ന് ഇന്ത്യാ വിരുദ്ധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധ പ്രകടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ഈ സംഭവത്തെ നേപ്പാള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നുവെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവന.

സര്‍ക്കാരിന് വേണ്ടി, ആഭ്യന്തര മന്ത്രാലയം 24 മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായ രണ്ട് പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. നിയമപരമായ നടപടികളെക്കുറിച്ച്‌ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു കാരണവുമില്ലാതെയാണ് ഇന്ത്യ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തുകയും പ്രധാനമന്ത്രി മോദിയുടെ കോലം കത്തിക്കുകയും ചെയ്തത്. സൗഹൃദ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ഒരു കാരണവശാലും സൗഹൃദ രാഷ്‌ട്രത്തിന് എതിരായി നേപ്പാളിന്റെ മണ്ണ് ഉപയോഗിക്കരുതെന്നും നടപടി സ്വീകരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.അയല്‍ രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സ്വത്വത്തെയും വ്രണപ്പെടുത്തുന്ന ഒരു പ്രവൃത്തിയും പൊറുക്കാനാവില്ലെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. അയല്‍ രാജ്യത്തിനെതിരെ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന താക്കീത്.

അയല്‍ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. അയല്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ചര്‍ച്ചയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

ചൈനയുമായി അതിര്‍ത്തി തര്‍ക്കം ഉണ്ടെന്ന് നേപ്പാള്‍ ഇക്കഴിഞ്ഞ ദിവസം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നു. ചൈനയുടെ കയ്യേറ്റം അന്വേഷിക്കാന്‍ ഒരു ഉന്നതതല സമിതിയെയും നേപ്പാള്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെയാണ് ഭരണ സഖ്യകക്ഷിയായ മാവോയിസ്റ്റ്, യൂണിഫൈഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button