Latest NewsKeralaNews

പി.എസ്.സിയില്‍ ചെയര്‍മാനെ കൂടാതെ 20പേര്‍, ശമ്പളമായി ലക്ഷങ്ങള്‍: ഇത്രയും പേര്‍ വേണ്ടെന്ന് ശമ്പള പരിഷ്‌കരണ കമ്മിഷന്‍

ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ അംഗങ്ങള്‍ കൂടുതലാണ്

തിരുവനന്തപുരം: സാമ്പത്തിക ലാഭത്തിനായി പബ്ലിക് സര്‍വീസ് കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് 11-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശ. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ അംഗങ്ങള്‍ കൂടുതലാണ്. ചെയര്‍മാനെ കൂടാതെ 20 അംഗങ്ങളാണ് കേരള പി.എസ്.സിയിലുള്ളത്. അംഗങ്ങള്‍ക്ക് നല്‍കുന്ന ശമ്പളം തന്നെ ലക്ഷങ്ങളാണ്. ചെയര്‍മാന് ശമ്പളമായി നല്‍കുന്നത് 2,09,183രൂപയാണ്. അംഗങ്ങള്‍ക്ക് 1,93,537 രൂപയും ശമ്പളമായി ലഭിക്കുന്നു. ഔദ്യോഗിക വസതിയും വാഹനവും ചെര്‍മാന് നല്‍കിയിട്ടുണ്ട്. 2019ലെ കണക്കനുസരിച്ച് ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76,450 രൂപയാണ്. ക്ഷാമബത്തയായി 1,17,733 രൂപയും വീട്ടുവാടക ബത്തയായി 10,000 രൂപയും കണ്‍വേയന്‍സ് അലവന്‍സായി 5000 രൂപയും. ആകെ 2,09,183 രൂപയാണ് ചെയര്‍മാന് ശമ്പളമായി ലഭിക്കുന്നത്.

മറ്റ് അംഗങ്ങള്‍ക്ക് പെട്രോള്‍ അലവന്‍സ് അനുവദിച്ചിട്ടുണ്ട്. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 70,290 രൂപയായിരുന്നു. ക്ഷാമബത്ത 1,08,247 രൂപയും വീട്ടുവാടക ബത്ത 10,000 രൂപയും കണ്‍വേയന്‍സ് അലവന്‍സ് 5000 രൂപയും അടക്കം 1,93,537 രൂപ ശമ്പളമായി ലഭിക്കും. താഴെത്തട്ടിലുള്ള ചില തസ്തികളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്നു പി.എസ്.എസ്.സി പിന്മാറണമെന്നും ശുപാര്‍ശയുണ്ട്. തിരഞ്ഞെടുപ്പില്‍ മെറിറ്റും സാമൂഹ്യനീതിയും സുതാര്യതയും ഉറപ്പാക്കാന്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

പരീക്ഷകളുടെ എണ്ണം കുറയ്ക്കണം. സമാനസ്വഭാവമുള്ള തസ്തികകളിലേക്കു ഒരുമിച്ചു പരീക്ഷ നടത്തണം. പരീക്ഷാ നടത്തിപ്പിനു കൃത്യമായ ടൈംടേബിള്‍ ഉണ്ടായിരിക്കണം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി വളരെക്കാലം നീട്ടുന്നത് അവസാനിപ്പിക്കണം. റജിസ്ട്രേഷനില്‍ തുടങ്ങി അഡൈ്വസ് നല്‍കുന്നതു വരെയുള്ള കാര്യങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കാര്യക്ഷമമാക്കണം. അധ്യാപകര്‍ ഒഴികെ ഗ്രൂപ്പ് എ പോസ്റ്റില്‍ ഉള്ളവര്‍ക്ക് അഭിമുഖം ഒഴിവാക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുന്നതിനും പരീക്ഷ നടത്തി റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതിലും പി.എസ്.എസ്.സിയില്‍ കാലതാമസമുണ്ടാകുന്നതായാണ് ശമ്പള പരിഷ്‌കരണ കമ്മിഷന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button