കാബൂള്‍: ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം. എന്നെ ഇവിടെ മറന്നുകളയരുത് – കണ്ണീരൊട്ടിയ മുഖവുമായി അഫ്ഗാനിസ്ഥാന്‍ സ്വദേശി മുഹമ്മദ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് അഭ്യര്‍ത്ഥിക്കുകയാണ്. 2008ല്‍ ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടര്‍ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിലെ ഉള്‍പ്രദേശത്ത് അടിയന്തരമായി നിലത്തിറക്കിയപ്പോള്‍ രക്ഷാപ്രവര്‍ത്തതിന് മുഹമ്മദുമുണ്ടായിരുന്നു.
അന്ന് സെനറ്ററായിരുന്ന ബൈഡനെക്കൂടാതെ മുന്‍ സെനറ്റര്‍മാരായിരുന്ന ചക്ക് ഹേഗല്‍, ജോണ്‍ കെറി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. യു.എസ്. സൈന്യത്തിനു വേണ്ടി ദ്വിഭാഷിയായി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ്, സുരക്ഷാകാരണങ്ങള്‍ മുന്‍നിറുത്തി തന്റെ മുഴുവന്‍ പേര് വെളിപ്പെടുത്തിയില്ല. അമേരിക്കന്‍ സേനാപിന്മാറ്റം പൂര്‍ണമായ സാഹചര്യത്തില്‍ അമേരിക്കയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച നിരവധി അഫ്ഗാനികളാണ് രാജ്യത്ത് പെട്ടുപോയിരിക്കുന്നത്.
മുഹമ്മദിപ്പോള്‍ നാലുമക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഒളിവിലാണ്. അതേസമയം മുഹമ്മദിന്റെ അഭ്യര്‍ത്ഥന ബൈഡനിലേക്കെത്തിയെന്നാണ് സൂചന. മുഹമ്മദിനെയും കുടുംബത്തെയും അഫ്ഗാനില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.
Post Your Comments