ഒരു ദിവസം മുഴുവനുമുള്ള നമ്മുടെ ഊര്‍ജ്ജത്തെ സ്വാധീനിക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം.
അതിനാല്‍ ബ്രേക്ക്ഫാസ്റ്റിന് മറ്റ് നേരങ്ങളിലെ ഭക്ഷണത്തേക്കാള്‍ പ്രാധാന്യവുമുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍, അതെത്ര നല്ലവയാണെങ്കിലും പ്രഭാതഭക്ഷണമായി കഴിക്കുന്നത് അത്ര ഉത്തമമല്ല. അത്തരത്തില്‍ ബ്രേക്ക്ഫാസ്റ്റ് മെനുവില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണവും പാനീയങ്ങളെയും കുറിച്ചാണ് താഴെ പറയുന്നത്.
വേവിക്കാത്ത പച്ചക്കറികള്‍ സലാഡായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ‘റോ വെജിറ്റബിള്‍സ്’ അത്ര ഉത്തമമല്ലെന്നാണ് ചില ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. ദഹനപ്രശ്‌നങ്ങളും, ഗ്യാസ്ട്രബിളുമുണ്ടാക്കാന്‍ ഇത് ഇടയാക്കുമെന്നാണ് ഇവര്‍ പറയുന്നത്.
മിക്കവരും രാവിലെ ഉണര്‍ന്നയുടന്‍ തന്നെ വെള്ളം പോലും കുടിക്കാതെ ചായയിലേക്കും കാപ്പിയിലേക്കുമെല്ലാം കടക്കാറുണ്ട്. എന്നാല്‍ വെറുംവയറ്റില്‍ കാപ്പി കുടിക്കാതിരിക്കുന്നതാണ് ഉത്തമം. ഇതും വയറ്റില്‍ ആസിഡിന്റെ അളവ് ഉയര്‍ത്താനിടയാക്കുമെന്നതിനാല്‍ ആണിത്. കഴിയുന്നതും ഉണര്‍ന്നയുടന്‍ വെള്ളം തന്നെ കുടിക്കുക. തുടര്‍ന്ന് ഭക്ഷണം കഴിച്ച ശേഷം അല്‍പസമയം കഴിഞ്ഞ് മാത്രം ചായയിലേക്കും കാപ്പിയിലേക്കും കടക്കുന്നതാണ് നല്ലത്.
രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം ചിലര്‍ ജ്യൂസോ, സമാനമായ പാനീയങ്ങളോ കഴിക്കാറുണ്ട്. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ജ്യൂസാണെങ്കില്‍ (മധുരം ചേര്‍ക്കാത്തത്) അതില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ കൃത്രിമമധുരം ചേര്‍ത്ത, പാക്കറ്റ് ജ്യൂസുകളോ അല്ലെങ്കില്‍ അത്തരത്തിലുള്ള പാനീയങ്ങളോ ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ ഒരിക്കലും കഴിക്കരുത്. രാവിലെ തന്നെ ധാരാളം മധുരം അകത്തുചെല്ലുന്നത് നമ്മുടെ പിത്താശയത്തെ മോശമായി ബാധിച്ചേക്കും.
ആരോഗ്യത്തിന് വളരെയധികം ഗുണപ്പെടുന്ന ഒന്നാണ് യോഗര്‍ട്ട്. എന്നാല്‍ ബ്രേക്ക്ഫാസ്റ്റ് മെനുവില്‍ യോഗര്‍ട്ട് ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്. യോഗര്‍ട്ടില്‍ കാണപ്പെടുന്ന ബാക്ടീരിയകളാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ശരീരത്തിന് ഗുണപ്പെടുന്നത്. എന്നാലിത് രാവിലെകളില്‍ ‘ഇനാക്ടീവ്’ അഥവാ പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ് കാണപ്പെടുന്നത്. അതിനാല്‍ യോഗര്‍ട്ട് ദിവസത്തില്‍ മറ്റേതെങ്കിലും നേരങ്ങളില്‍ കഴിക്കുന്നതാണ് ഫലപ്രദം.
Post Your Comments