KeralaLatest NewsNewsIndia

‘വിജയൻ്റെ പോലിസ് സേനയേതാ ഹനുമാൻ സേനയേതായെന്ന് വ്യക്തമല്ല’: പിണറായി സർക്കാരിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

കേരള പൊലീസിൽ ആർ.എസ്.എസ് ഗ്യാങ്ങ് പ്രവർത്തിക്കുന്നുണ്ടെന്ന സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയുടെ വാദത്തെ ഗൗരവമായി കാണണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കേരളത്തിലെ പിങ്ക് പോലിസും, കാക്കി പോലിസും, റെഡ് പോലിസുമൊക്കെ പ്രവർത്തനം കൊണ്ട് സദാചാര പോലീസാണ്. ഔചിത്യവും, നിഷ്പക്ഷതയും, ധാർമ്മികതയും, സത്യസന്ധതയുമൊക്കെ വെച്ച് പരിശോധിച്ചാൽ വിജയൻ്റെ പോലിസ് സേനയേതാ ഹനുമാൻ സേനയേതായെന്ന് വ്യക്തമല്ലെന്ന് രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കേരള പോലീസിൽ ‘ RSS ഗ്യാംങ്ങ് ‘ പ്രവർത്തിക്കുന്നുണ്ടെന്ന CPI ദേശിയ എക്സിക്യൂട്ടീവ് അംഗം സഖാവ് ആനി രാജയുടെ പ്രതികരണത്തെ ഗൗരവത്തോടെ കാണണം. യോഗി ആദിത്യനാഥ് പോലീസ് മന്ത്രിയാകുമ്പോഴും സഖാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ഒരേ അവസ്ഥയാണ് എന്നതിൽ പ്രത്യേക ഞെട്ടൽ ഒന്നുമില്ലെങ്കിലും, CPI ദേശിയ നേതാവ് വരെ അത് തിരിച്ചറിയുന്നു എന്നത് പ്രസക്തമാണ്.
RSS ബോംബെറിഞ്ഞു കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്ന CPIM പോളിറ്റ് ബ്യൂറോ മെമ്പർ കോടിയേരി ബാലകൃഷ്ണൻ്റെ തൊട്ട് RSS പ്രതിയാകുന്ന എത്ര പരാതികളിലാണ് വിജയൻ്റെ കാലത്ത് നീതി നിഷേധിക്കപ്പെടുന്നത്.

കേരളത്തിലെ പിങ്ക് പോലിസും, കാക്കി പോലിസും, റെഡ് പോലിസുമൊക്കെ പ്രവർത്തനം കൊണ്ട് സദാചാര പോലീസാണ്. ഔചിത്യവും, നിഷ്പക്ഷതയും, ധാർമ്മികതയും, സത്യസന്ധതയുമൊക്കെ വെച്ച് പരിശോധിച്ചാൽ വിജയൻ്റെ പോലിസ് സേനയേതാ ഹനുമാൻ സേനയേതായെന്ന് വ്യക്തമല്ല. കഴിഞ്ഞ മന്ത്രിസഭ തൊട്ട് കേരളത്തിലെ ക്യാബിനറ്റിൽ നുഴഞ്ഞു കയറിയ സംഘ പരിവാർ പ്രത്യശാസ്ത്രം പോലീസ് സേനയിലും കടന്നു കൂടിയിരിക്കുന്നു. ഇതേ കുറിച്ച് ചോദിച്ചാൽ മുഖ്യമന്ത്രി പറയാൻ സാധ്യതയുള്ള പഴമൊഴി “മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം ” എന്നാകും. മുല്ല പൂവല്ല, താമരപ്പൂവാണ് താങ്കൾക്ക് താല്പര്യമെന്നത് അങ്ങാടിപ്പാട്ടാണ്. താങ്കളുടെ RSS വിധേയത്വം സേനയിൽ കുത്തിനിറയ്ക്കാതിരിക്കണമെന്ന് ഘടകകക്ഷി നേതാവിൻ്റെ പരോക്ഷ വിമർശനത്തെയെങ്കിലും താങ്കൾ ഉൾക്കൊള്ളണം. താമര ഒരു തണലായി കാണരുത്, വേരിറങ്ങും, ഇൻഫക്ഷനാകും….

shortlink

Post Your Comments


Back to top button