Latest NewsIndia

കൂട്ടബലാത്സംഗം: വൈകീട്ട് 6.30 ന് ശേഷം തനിച്ച് പുറത്തിറങ്ങരുതെന്ന് കർശന വിലക്കുമായി മൈസൂര്‍ സര്‍വകലാശാല

പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയല്ല ലക്ഷ്യമെന്നും തനിച്ച്‌ പോകരുതെന്ന് മാത്രമാണ് നിര്‍ദേശമെന്നും വി.സി

മൈസുരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതിന് പിന്നാലെ വിദ്യാര്‍ഥിനികള്‍ക്ക് നിയന്ത്രണങ്ങളുമായി മൈസൂര്‍ യൂനിവേഴ്‌സിറ്റി. വൈകീട്ട് 6.30 ന് ശേഷം വിദ്യാര്‍ഥിനികള്‍ കാമ്പസിനു പുറത്ത് തനിച്ച്‌ സഞ്ചരിക്കരുതെന്നാണ് സര്‍ക്കുലര്‍. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിയന്ത്രണങ്ങളെന്നാണ് അധികൃതരുടെ വിശദീകരണം. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്കുട്ടികള്‍ പോകുന്നത് വിലക്കിയാണ് യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

സെക്യൂരിറ്റി ജീവനക്കാര്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 9 വരെ പ്രദേശത്ത് പട്രോളിങ് നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. എല്ലാവിധ സുരക്ഷയും ഒരുക്കുകയാണ് കോളേജിന്റെ ലക്ഷ്യമെന്നും അധികൃതർ പറയുന്നു. മൈസൂരുവിലെ ചാമുണ്ഡി ഹില്‍സിലാണ് കോളേജ് വിദ്യാര്‍ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. മണിക്കൂറുകളോളമാണ് ആറംഗ സംഘത്തിന്റെ ക്രൂരപീഡനത്തിന് 22കാരിയായ എം.ബി.എ വിദ്യാര്‍ത്ഥിനി ഇരയായത്.

സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ വിദ്യാര്‍ഥിനിയെ ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം വലിച്ചിഴച്ച്‌ കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായാണ് വിവരം. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികള്‍ രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വൈകീട്ട് 6.30 വരെ മാനസ ഗംഗോത്രി പ്രദേശത്ത് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് പോയിരിക്കുന്നത് വിലക്കിയിട്ടുണ്ട്. കാമ്പസിലെ ഏകാന്തമായ സ്ഥലങ്ങളിലുള്ള പെണ്‍കുട്ടികളുടെ സുരക്ഷയില്‍ പൊലിസ് ആശങ്ക പ്രകടിപ്പിച്ചതിന് ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയല്ല ലക്ഷ്യമെന്നും തനിച്ച്‌ പോകരുതെന്ന് മാത്രമാണ് നിര്‍ദേശമെന്നും വി.സി വ്യക്തമാക്കി. സര്‍ക്കുലറിലെ വാക്കുകളില്‍ പിശകുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button