Latest NewsIndia

രാജ്യവിരുദ്ധ പരാമർശം, സിദ്ധുവിന്റെ ഉപദേശകരെ തൽസ്ഥാനത്തു നിന്ന് മാറ്റിയേക്കുമെന്ന സൂചന

സിദ്ധുവിന്റെ ഉപദേശകരെ കോണ്‍ഗ്രസ് നിയോഗിച്ചതല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും റാവത്ത്

ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിദ്ധുവിന്റെ ഉപദേശകരെ മാറ്റുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. ജമ്മുകശ്മീര്‍, പാകിസ്താന്‍ വിഷയങ്ങളില്‍ സിദ്ധുവിന്റെ ഉപദേശകരുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം. കശ്മീര്‍ കശ്മീരികളുടേതാണെന്നായിരുന്നു സിദ്ധുവിന്റെ ഉപദേശകനായ മാല്‍വീന്ദര്‍ സിങ് മാലിയുടെ പരാമര്‍ശം.

മറ്റൊരു ഉപദേശകനായ പ്യാരിലാല്‍ ഗാര്‍ഗെയുടെ പാകിസ്താന്‍ പരമാര്‍ശവും വിവാദമായിരുന്നു. വിവാദവിഷയങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാന്‍ സിദ്ധു ഉപദേശകരോട് നിര്‍ദേശിക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ആവശ്യപ്പെട്ടിരുന്നു. ജമ്മു കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നതെന്നും നേതാക്കളുടെ ഭാഗത്ത് നിന്നുള്ള വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ നയമായി കാണരുതെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ റാവത്ത് പറഞ്ഞു.

സിദ്ധുവിന്റെ ഉപദേശകരെ കോണ്‍ഗ്രസ് നിയോഗിച്ചതല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും റാവത്ത് വ്യക്തമാക്കി. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നവരെ അംഗീകരിക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ അവരെ തത്സ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യപ്പെടുമെന്നും റാവത്ത് പറഞ്ഞു. 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് നയിക്കുമെന്നും റാവത്ത് അറിയിച്ചു.

അമരീന്ദര്‍ സിങ്ങിനെ മാറ്റണമെന്ന ആവശ്യങ്ങള്‍ക്കിടെയാണ് റാവത്തിന്റെ പ്രഖ്യാപനം. പാര്‍ട്ടിക്കോ സര്‍ക്കാരിനോ മറ്റുപ്രശ്‌നങ്ങളില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതി മാത്രമാണ് എംഎല്‍എമാര്‍ ഉന്നയിച്ചതെന്നും റാവത്ത് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിക്ക് വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും റാവത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button