തിരുവനന്തപുരം : ചരിത്രത്തെ ഭയന്ന് ചരിത്രത്തെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ നസര്‍ അഹമ്മദിന്റെ ഹാസ്യത്തെ പോലും ഭയക്കുന്ന താലിബാനെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് മുന്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉള്‍പ്പെടെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട 387 പേരെ രക്തസാക്ഷി പട്ടികയില്‍ നിന്നൊഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ കലാപം കേവലം മാപ്പിളമാരുടെ ലഹളയായിരുന്നില്ല, അതിനു പിന്നിലെ ശക്തമായ ബ്രിട്ടീഷ് വിരോധം നിഷേധിക്കാനാവാത്തതാണ്. അതുകൊണ്ട് തന്നെ മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീരാമകൃഷ്ണന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
ഭൂതകാലം രേഖപ്പെടുത്തൽ മാത്രമല്ല ചരിത്രരചന. വർത്തമാന കാലത്തിന് വേണ്ടത് കണ്ടെടുക്കൽ കൂടിയാണത്. ഹിന്ദുസ്ഥാൻ വാദം ഇളകാതുറപ്പിക്കാനും ഗാന്ധി ‘മരണപ്പെട്ടതാണ് ‘ എന്ന് വിശ്വസിപ്പിക്കാനും അമുസ്ലിമുകളായ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനും നടത്തുന്ന തീവ്രയത്നങ്ങളുടെ തുടർച്ചയിലാണ് മലബാർ കലാപത്തിന്റെ ചരിത്രം ‘കണ്ടെടുക്കൽ’ നടക്കുന്നത്. അവിടെ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുമൊക്കെ ഇസ്ലാംമത വിശ്വാസികൾ മാത്രമായി തീരുന്നു. മലബാർ കലാപത്തിൽ പങ്കാളികളായ നിരവധി നായൻമാരും ഈഴവരുമെല്ലാം സ്ഥാനാന്തരപ്പെട്ടേക്കാം.
Read Also : സിപിഎം ഐഎസ് വക്താക്കളോ? നിരപരാധികളായ ഹിന്ദുക്കളെ അരിഞ്ഞു തള്ളിയ വാര്യൻകുന്നൻ മത തീവ്രവാദി: വി മുരളീധരൻ
മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു പഠന റിപ്പോർട്ടിന്റെ ബലത്തിൽ ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുന്നവർക്ക് അത് അത്ര എളുപ്പമല്ല. വാഗൺ ട്രാജഡിയിൽ കൊല്ലപ്പെട്ടവരുടെ ശ്വാസത്തിന്റെ ചൂട് നമ്മുടെ സ്മരണകളിൽ തീ പടർത്താറുണ്ട് ഇപ്പോഴും. ഏറനാട്ടിലെ എഴുതപ്പെട്ട ചരിത്രങ്ങളും പാടി പതിഞ്ഞ പാട്ടുകളും ആഴത്തിൽ പടർത്തിയ സമരഗാഥകളെ മാറ്റിയെഴുതാൻ സങ്കുചിത മതബോധങ്ങൾക്കാവില്ല. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പോലും മതപരമായ കാരണങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. ഗാന്ധിജി കണ്ട രാമരാജ്യം ദാശരഥി രാമന്റെ അല്ലെന്നും ധർമ്മ രാജ്യമാണെന്നും ഗാന്ധിജിക്ക് തന്നെ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്.
ബ്രിട്ടീഷുകാർക്കെതിരെ ഉയർത്തി പിടിക്കാനുള്ള തനതു സ്വത്വങ്ങളായിരുന്നു ഓരോ ഘട്ടത്തിലും നമുക്ക് മതവും ആചാരങ്ങളുമെല്ലാം. ബ്രിട്ടീഷ് കാർക്കെതിരെ എന്ന പോലെ ആ സമരങ്ങൾ അവർക്ക് വിടുപണി ചെയ്ത അധികാര മോഹികളായ ജൻമികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉള്ളതു കൂടിയായത് സ്വാഭാവികം.
മതം പലപ്പോഴും അതിന്റെ ഉദ്ദേശലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ച് സങ്കുചിതവും വിശാല മാനവികതയ്ക്ക് എതിരും ആകാറുണ്ട് എന്നത് എന്നത്തേയും ദൗർഭാഗ്യമാണ്.
Read Also : സ്വന്തം മകളെ ബലാത്സംഗം ചെയ്ത അച്ഛന് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി
ഗാന്ധിജിയും തിലകനുമൊക്കെ തങ്ങളുടെ സമരായുധമാക്കിയ അതേ ഗീത തന്നെയാണല്ലോ അതിന്റെ തത്വ വ്യാഖ്യാനങ്ങളിൽ നിന്നടർത്തിമാറ്റി ഭക്തിക്ക് മാത്രമാകുന്നത്. ഗാന്ധിജി അടക്കമുള്ളവർ സായുധ സമരരീതിയുടേയും മത ഇടപെടലുകളുടേയും പേരിൽ മലബാർ കലാപത്തെ വിമർശിക്കുന്നുണ്ട്.എന്നാൽ ഖിലാഫത്തിനു വേണ്ടിയാണ് ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത് എന്നതും ചരിത്രമാണ്. ഒന്നും വിമർശനാതീതമാണ് എന്നല്ല, എന്നാൽ മലബാർ കലാപം കേവലം മാപ്പിളമാരുടെ ലഹളയായിരുന്നില്ല, അതിനു പിന്നിലെ ശക്തമായ ബ്രിട്ടീഷ് വിരോധം നിഷേധിക്കാനാവാത്തതാണ്. അതു കൊണ്ടു തന്നെ അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗവുമാണ്.
ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ അച്ഛന്റെ വീറ് സിരകളിൽ ഏറ്റുവാങ്ങിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിഭാവനം ചെയ്ത മലയാള രാജ്യം ഏതെങ്കിലും മതത്തെ മാത്രം ഉൾക്കൊള്ളുന്നതോ ഏതെങ്കിലുമൊന്നിനെ പുറന്തള്ളുന്നതോ ആയിരുന്നില്ലല്ലോ! ചരിത്രം തമസ്കരിച്ച ധീര ദേശാഭിമാനികളെ കണ്ടെത്തി രേഖപ്പെടുത്തി ചരിത്രത്തോടും ദേശത്തോടും നീതി പുലർത്തുന്നതിന് പകരം നാടിനു വേണ്ടി മെയ് മറന്ന് അടരാടിയവരെ അപഹസിക്കാൻ നടത്തുന്ന ഇത്തരം യത്നങ്ങളെ എന്ത് പേരിട്ട് വിളിക്കണം?
ദേശസ്നേഹത്തിന്റെ പേരു പറഞ്ഞ് വർഗ്ഗീയത വിളമ്പുന്നവർ ഇപ്പോഴും ബ്രിട്ടീഷുകാർ വച്ചു തന്ന കണ്ണടയിലൂടെയാണ് നമ്മുടെ ദേശത്തെയും ചരിത്രത്തെയും കാണുന്നത്. ചരിത്രത്തെ ഭയന്ന് ചരിത്രത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ നസർ അഹമ്മദിന്റെ ഹാസ്യത്തെ പോലും ഭയക്കുന്ന താലിബാനെയാണ് ഓർമ്മിപ്പിക്കുന്നത്.
Post Your Comments