
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കൊപ്പം അഫ്ഗാന് പൗരന്മാരെയും താലിബാനില്‍ നിന്ന് രക്ഷിച്ച് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനിടെ, മുന്‍പ് പലപ്പോഴായെത്തിയ അഫ്ഗാന് അഭയാര്‍ത്ഥികളുടെ അപ്രതീക്ഷിത പ്രതിഷേധം ഡല്‍ഹിയില്‍ യുഎൻ ഹൈക്കമ്മിഷനു മുന്നിൽ അരങ്ങേറി. വിദ്യാഭ്യാസത്തിനും ജോലിക്കും അവസരം നല്‍കുക, അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ ജീവിക്കാന്‍ വഴിയൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡല്‍ഹിയില്‍ അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്ന യു.എന്‍ ഹൈക്കമ്മിഷനു മുന്നില്‍ സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധിച്ചത്.
ഭീകരവാദം വളര്‍ത്തുന്ന പാക്കിസ്ഥാനെതിരെയുള്ള പ്ളക്കാര്‍ഡുകളും അവര്‍ ഉയര്‍ത്തിയിരുന്നു. താലിബാന് മടങ്ങിവന്നതോടെ, അഫ്ഗാന് പൗരന്മാര്ക്ക് മതഭേദമെന്യേ ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ആറു മാസക്കാലാവധിയാണ്. അതു കഴിഞ്ഞാല്‍ അവര്‍ക്കും തങ്ങളുടെ ഗതിയാകുമെന്ന് ഗനി പറയുന്നു. ഇന്ത്യയിലുള്ള 21,000 അഫ്ഗാന് അഭയാര്‍ത്ഥികളില്‍ 13,000 പേര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് പോലുമില്ല.
അഭയാര്‍ത്ഥികള്‍ക്ക് ഏറെ അവസരങ്ങളുള്ള കാനഡയിലോ യു.എസിലോ പോകാന്‍ അവസരം നല്‍കണമെന്ന് പ്രതിഷേധത്തിനെത്തിയ സാരിഫയും മസ്ലയും പറഞ്ഞു. അഭയാര്‍ത്ഥികളുടെ ക്ഷേമമുറപ്പിക്കുന്ന യു.എന്‍ അഭയാര്‍ത്ഥി കണ്വെന്ഷന് കരാറില്‍ ഇന്ത്യ അംഗമല്ല. അതുകൊണ്ടു തന്നെ യുഎന്നിന് ഇതിൽ ഇടപെടാനുമാവില്ല. എന്നാൽ കരാറില്‍ ഒപ്പിട്ട രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും.
ഇതുവച്ച്, ഏത് രാജ്യത്താണോ അവിടെ പഠിക്കാനും ജോലി ചെയ്യാനും കഴിയും.അയല്‍ മുസ്ളീം രാജ്യങ്ങളിലെ ഭൂരിപക്ഷങ്ങൾ ഒഴികെയുള്ള ഇന്ത്യന്‍ വംശജര്‍ക്ക് പൗരത്വം ഉറപ്പാക്കുന്ന ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അഫ്ഗാനിസ്ഥാനിലെ പുതിയ സാഹചര്യം പ്രയോജനപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. കാബൂളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് പുറമെ അഫ്ഗാന് പൗരന്മാരായ സിക്ക്, ക്രിസ്ത്യൻ , ഹിന്ദു വംശജരെ കൊണ്ടുവരാനും കേന്ദ്രം മുന്‍തൂക്കം നല്‍കുന്നുണ്ട്.
Post Your Comments