ന്യൂയോര്‍ക്ക്: അഫ്ഗാനിലെ താലിബാനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ അവസ്ഥ ലോക സുരക്ഷയ്ക്കു തന്നെ വന്‍ ഭീഷണിയാണെന്ന് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പ്രസംഗിക്കവേ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
‘ അഫ്ഗാനില്‍ ആണെന്നോ, ഇന്ത്യയ്ക്ക് എതിരാണെന്നോ മാത്രമല്ല വിഷയം, ലഷ്‌ക്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവ അവിടെ ധൈര്യത്തോടെ പ്രവര്‍ത്തിക്കുകയാണ്. അഫ്ഗാനില്‍ ചുരുളഴിയുന്ന സംഭവങ്ങള്‍ ആഗോളതലത്തില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അത് അന്താരാഷ്ട്ര സുരക്ഷയ്ക്ക് തന്നെ ഭീഷണയാണ്’- എസ്.ജയശങ്കര്‍ പറഞ്ഞു
‘ ഇന്ത്യയുടെ അയല്‍രാജ്യത്താണ് ഐഎസ് കൊറാസാന്‍ പ്രവര്‍ത്തിക്കുന്നത്. അവരും തങ്ങളുടെ പരിധി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു വരികയാണ്. അവര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരും ആയിരിക്കുന്നു. ഏതു രൂപത്തിലുള്ള ഭീകരതയാണെങ്കിലും അതിനെ അപലപിക്കേണ്ടതാണ്’ – അദ്ദേഹം പറഞ്ഞു.
2008 ലെ മുംബൈ ഭീകരാക്രമണം, 2016 ലെ പത്താന്‍കോട്ട് ആക്രമണം, 2019 ലെ പുല്‍വാമയിലെ ചാവേറാക്രമണം എന്നിവ ചൂണ്ടിക്കാട്ടിയ ജയശങ്കര്‍, ഇത്തരം പൈശാചികതയുമായി ഇന്ത്യ ഒരു തരത്തിലുള്ള അനുരഞ്ജനത്തിനുമില്ലെന്നും വ്യക്തമാക്കി.
Post Your Comments