ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിഖ് വംശജരും നേരിടുന്ന പ്രശ്‌നങ്ങളെ സൂചിപ്പിച്ച് പൗരത്വനിയമത്തെ പരാമര്‍ശിച്ച് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ‘നമ്മുടെ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ ഹിന്ദു, സിഖ് വിഭാഗങ്ങള്‍ കടന്നുപോകുന്നത് ദുരിതപൂര്‍ണമായ കാലഘട്ടത്തിലൂടെയാണ്. അവിടുത്തെ സംഭവവികാസങ്ങള്‍ എന്തുകൊണ്ടാണ് പൗരത്വഭേദഗതി നിയമം കൊണ്ടുവരേണ്ടതെന്ന് സാധൂകരിക്കുന്നു.’ മന്ത്രി കുറിച്ചു.
23 അഫ്ഗാന്‍ സിഖ് വംശജരും ഹിന്ദുക്കളും ഉള്‍പ്പടെ 168 പേരെ ഒഴിപ്പിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതോടെ ആയിരക്കണക്കിന് സിഖ്, ഹിന്ദു മതവിഭാഗക്കാരാണ് കാബൂള്‍ എയര്‍പോര്‍ട്ടില്‍ പലായനം ചെയ്യാന്‍ എത്തിയത്. മതപരമായ പീഡനം ഭയന്നായിരുന്നു ഇത്. ഇന്ത്യയിലേക്കായിരുന്നു ഇവര്‍ എത്തിയത്. 400ഓളം പേരെയാണ് ഇന്ത്യ ഇന്ന് ഒഴിപ്പിച്ച് രാജ്യത്തെത്തിച്ചത്. ഇതില്‍ 329 പേര്‍ ഇന്ത്യക്കാരാണ്. രണ്ടുപേര്‍ അഫ്ഗാന്‍ ജനപ്രതിനിധികളാണ്.
വ്യോമസേന വിമാനത്തില്‍ ഇവരെ ഉത്തര്‍പ്രദേശിലെ ഹിന്ദോണ്‍ എയര്‍ബേസിലെത്തിച്ചു. പാകിസ്ഥാന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മതപരമായ പീഡനം നേരിട്ട് എത്തുന്ന മുസ്‌ളീം മതേതര വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് പൗരത്വ ഭേദഗതി നിയമം 2019ല്‍ പാസാക്കിയത്. ഇതിനെതിരെ ഇന്ത്യയിലെ ഇടത് വിഭാഗങ്ങളും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.
Post Your Comments