ന്യൂഡല്‍ഹി: പതിനഞ്ച് രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ വ്യാജ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും റെയ്ഡ് നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വിശ്വസ്തമായ ഇടങ്ങളിൽ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും സിസോദിയ പറഞ്ഞു.പ്രധാനമന്ത്രി നല്‍കിയ പതിനഞ്ചുപേരുടെ പട്ടികയില്‍ പലരും ആം ആദ്മി പാര്‍ട്ടിയിലെ നേതാക്കളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ഈ നേതാക്കളെ ഇല്ലായ്മ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ., എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികള്‍ക്കും ഡല്‍ഹി പോലീസിനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.എന്നാല്‍ സി.ബി.ഐ.യ്ക്ക് പ്രധാനമന്ത്രി പതിനഞ്ചുനേതാക്കന്മാരുടെ പേരുകള്‍ അടങ്ങിയ പട്ടിക നല്‍കിയതായി വിശ്വസനീയമായ കേന്ദ്രത്തിന്‍ നിന്നാണ് അറിഞ്ഞതെന്നാണ് മനീഷ് സിസോദിയയുടെ വാദം.
അതേസമയം മനീഷ് സിസോദിയയുടെ ആരോപണങ്ങള്‍ തളളി ബിജെപി രംഗത്തെത്തി. ഉപമുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധ ലഭിക്കുന്നതിനായി എഎപി കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ഡല്‍ഹി ബിജെപി ഘടകം അധ്യക്ഷന്‍ ആദേശ് ഗുപ്ത പറഞ്ഞു.
Post Your Comments