Latest NewsInternational

അധികാരമേറ്റെടുത്തതോടെ തനിസ്വഭാവം കാട്ടി താലിബാൻ: ന്യായീകരിച്ച ചൈനയ്ക്കും റഷ്യയ്ക്കും ഇറാനും മിണ്ടാട്ടമില്ല

നാല് മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നില്‍വച്ച്‌ തല്ലിക്കൊന്നു.

കാബൂള്‍: താലിബാന്‍ യഥാര്‍ത്ഥ സ്വഭാവം കാട്ടി തുടങ്ങി. മിതവാദികള്‍ എന്ന് പറഞ്ഞ് താലിബാനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്കും റഷ്യയ്ക്കും ഇറാനും പോലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്നത്.കാര്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ഒരാളുടെ ദേഹത്ത് ടാര്‍ ഒഴിക്കുന്നതും ബുര്‍ഖ ധരിക്കാന്‍ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു വീഴ്‌ത്തിയെന്നും ഉള്‍പ്പെടെയുള്ള ക്രൂരതകളാണ് പുറത്തു വരുന്നത്.

രാഷ്ട്രീയ എതിരാളികളെ അവരുടെ വീടുകളില്‍നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി തൂക്കിക്കൊല്ലുകയാണെന്നും ആരോപണം ഉണ്ട്. മാധ്യമപ്രവര്‍ത്തകരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും അര്‍ധരാത്രിയില്‍ വീടുകളില്‍നിന്നു ഇറക്കിവിടുന്നു. 20 വര്‍ഷത്തിനുശേഷം അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുക്കുന്നത് ‘പുതിയ താലിബാന്‍’ ആണെന്ന വാദമാണ് ഈ ക്രൂരതകള്‍ പൊളിക്കുന്നത്. താലിബാനെതിരെ ചെറുത്തു നില്‍പ്പും ഇത്തവണ ഉണ്ടാകുന്നുണ്ട്. അതിനേയും കര്‍ശനമായി നേരിടുകയാണ് താലിബാന്‍.

നാല് മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നില്‍വച്ച്‌ തല്ലിക്കൊന്നു. ശേഷം വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞ സംഭവവും വൈറലാണ്. ജലാലാബാദില്‍, താലിബാന്‍ വിരുദ്ധ പ്രക്ഷോഭത്തിനു നേരേ നടന്ന വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.നഗരത്തില്‍ താലിബാന്‍ പതാക നീക്കി അഫ്ഗാനിസ്ഥാന്റെ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിച്ചവര്‍ക്കു നേരെയാണു വെടിവയ്പ് ഉണ്ടായത്. പന്ത്രണ്ടുപേർക്കു പരിക്കേറ്റു. മരണം കൂടാമെന്നാണ് വിലയിരുത്തല്‍.

കാബൂള്‍ വിമാനത്താവളത്തിനു പുറത്തു താലിബാന്‍ സംഘം എകെ 47 തോക്ക് ഉള്‍പ്പെടെ ഉപയോഗിച്ച്‌ ആകാശത്തേക്കു വെടിവയ്ക്കുന്നതും ജനക്കൂട്ടം ഭയന്ന്, നിലവിളിച്ച്‌ ഓടുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു. ഇത്തരത്തിൽ ആർക്കും ന്യായീകരിക്കാൻ പറ്റാത്തത്ര ക്രൂരതകളാണ് താലിബാൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button