ന്യൂഡല്‍ഹി : ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരുമ്പോള്‍ അവിടത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ് മതക്കാരുടെ അവസ്ഥ വീണ്ടും ചര്‍ച്ചയാവുകയാണ്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 1970 ല്‍ അഫ്ഗാനിസ്ഥാനിലെ സിഖുകളുടെയും ഹിന്ദുക്കളുടെയും ആകെ സംഖ്യ രണ്ട് ലക്ഷത്തോളമായിരുന്നു. ഇന്ന് ഇവര്‍ കേവലം 700 പേരായി ചുരുങ്ങിയിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന കടുത്ത അസമത്വത്തിന് തെളിവാണിത്. സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തി 1992 ഓടെ മതതീവ്രവാദികള്‍ ഭരണം പിടിച്ചെടുത്തതോടെയാണ് ന്യൂനപക്ഷങ്ങളുടെ കഷ്ടകാലം അഫ്ഗാനില്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇതിന് മുന്‍പും ഇവരുടെ ആരാധനാലയങ്ങളെ ലക്ഷ്യമാക്കി തീവ്രവാദ ആക്രമണങ്ങള്‍ നടന്നിരുന്നു. നിരവധി പേര്‍ ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണങ്ങളില്‍ നിന്നും രക്ഷതേടി സിഖുകാരും ഹിന്ദുക്കളും പലായനം തുടങ്ങി.
1992 മുതല്‍ സിഖുകാരെയും ഹിന്ദുക്കളെയും ലക്ഷ്യമിട്ട് വ്യാപകമായ തട്ടിക്കൊണ്ടുപോകല്‍, കൊള്ളയടിക്കല്‍, സ്വത്ത് തട്ടിയെടുക്കല്‍ തുടങ്ങിയ സംഭവങ്ങളുണ്ടായി. അക്കാലത്ത് രാജ്യത്ത് നിന്നും പുറത്ത് കടക്കുന്നതിനായുള്ള പാസ്‌പോര്‍ട്ടുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടേറെയായിരുന്നു. തീര്‍ത്ഥാടന പാസ്‌പോര്‍ട്ട് ഉപയോഗിച്ച് അഫ്ഗാനില്‍ നിന്നും 50,000 ത്തോളം ന്യൂനപക്ഷക്കാര്‍ ഇന്ത്യയിലെത്തുകയും ഇവിടെ സ്ഥിരതാമസം ആരംഭിക്കുകയുമായിരുന്നു.
ഇന്ത്യയിലെത്തിയ ശേഷം സിഖുകാരില്‍ നല്ലൊരു പങ്കും മറ്റ് രാജ്യങ്ങളിലേക്ക് മാറി. പ്രധാനമായും ഓസ്ട്രിയ, ബെല്‍ജിയം, ഹോളണ്ട്, ഫ്രാന്‍സ്, കാനഡ, യുഎസ് എന്നിവിടങ്ങളിലാണ് ഇവര്‍ ചേക്കേറിയത്.നിലവില്‍ ഏകദേശം 18,000 അഫ്ഗാന്‍ സിഖുകാര്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ട്. ഡല്‍ഹിയിലെ അഫ്ഗാന്‍ ഹിന്ദു സിഖ് വെല്‍ഫെയര്‍ സൊസൈറ്റി മേധാവി ഖജീന്ദര്‍ സിംഗിന്റെ അഭിപ്രായത്തില്‍ ഇവരില്‍ അറുപത് ശതമാനത്തിനും ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ അഭയാര്‍ത്ഥികളായി അല്ലെങ്കില്‍ ദീര്‍ഘകാല വിസയില്‍ ഇവിടെ കഴിയുന്നു.
ഇവരില്‍ മിക്കവരും ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലുമാണ് താമസിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദു സിഖ് മതക്കാരുടെ എണ്ണമെടുത്താല്‍ എഴുന്നൂറ് പേര്‍ മാത്രമാവും അവശേഷിക്കുക. ഇതില്‍ നൂറോളം കുടുംബങ്ങള്‍ സിഖ് കാരുടേതാണ്. ഇപ്പോഴും ഗുരുദ്വാരകളില്‍ ഇടയ്ക്കിടെ ബോംബാക്രമണം ഉണ്ടാവാറുണ്ട്. 1990 കളുടെ തുടക്കം വരെ, അഫ്ഗാനിസ്ഥാനില്‍ അറുപത്തിമൂന്ന് ഗുരുദ്വാരകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കഷ്ടിച്ച് പത്തെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
ഇന്ത്യ പൗരത്വ ഭേദഗതി നിയമം പാസാക്കിയത് അഫ്ഗാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസമായി. ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത് മുമ്പത്തേതിനേക്കാള്‍ എളുപ്പമാണെന്നത് അവര്‍ക്ക് ആശ്വാസമേകുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നേടുന്നതിനുള്ള നിര്‍ബന്ധിത താമസ കാലയളവ് 11 വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി കുറയ്ക്കുന്ന പൗരത്വ (ഭേദഗതി) നിയമം വന്നതാണ് അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് തുണയായിരിക്കുന്നത്.
Post Your Comments