തിരുവനന്തപുരം: വികസന കാഴ്ചപ്പാടിൽ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതിയെ ഒരു നിക്ഷേപമായി കാണാൻ നാം ശീലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തിനു രാഷ്ട്രീയ സുരക്ഷ ഒരുക്കുന്നതുപോലെ പ്രധാനമാണ് ജൈവഘടനയുടെ സംരക്ഷണവും. ഓരോ മനുഷ്യന്റെയും ആവശ്യത്തിനുള്ള വിഭവങ്ങൾ പ്രകൃതിയിലുണ്ട്. എന്നാൽ ദുരാഗ്രഹങ്ങൾ തീർക്കാനുള്ള വിഭവങ്ങൾ ഇല്ല. ഈ കാഴ്ചപാടിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നാം നയം രൂപീകരിക്കണം. പാരിസ്ഥിതിക രംഗത്ത് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കാർബൺ വാതകങ്ങളുടെ പുറന്തള്ളലാണ്. ഇത് പരിഗണിച്ചാണ് കാർബൺ പുറന്തള്ളൽ ഏറ്റവും കുറഞ്ഞ സമ്പദ്ഘടന എന്ന ആശയം സംസ്ഥാനം മുന്നോട്ടുവെച്ചത്. പരിസ്ഥിതി സന്തുലിത ജീവിതം എന്നത് തീർച്ചയായും സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ നാം എടുക്കേണ്ട മറ്റൊരു കാഴ്ചപ്പാടാണെന്നും’ അദ്ദേഹം വ്യക്തമാക്കി.
‘രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിലും, ശാസ്ത്ര സാങ്കേതിക മേഖലകളിലും ഏഴരപതിറ്റാണ്ടുകൊണ്ട് ഇന്ത്യ ചരിത്രപരമായ വളർച്ച നേടി. എന്നാൽ ഈ നേട്ടങ്ങൾ ആകമാനം ഉപയോഗപ്പെടുത്തി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാനും അവർക്കിടയിലെ അന്തരം ഇല്ലാതാക്കാനും നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. ഭരണഘടനാപരമായ മൂല്യങ്ങൾ സംരക്ഷിക്കുകയും സാമൂഹ്യവും സാമ്പത്തികവുമായ സമത്വം ഉറപ്പാക്കുകയും ചെയ്യുകയെന്ന കാഴ്ചപ്പാട് പ്രാവർത്തികമാക്കാനാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ഉത്പാദനം വർധിപ്പിക്കുകയും അവ നീതിയുക്തമായി വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളത്. അതിനായി നമ്മുടെ അടിസ്ഥാന മേഖലകളെയും സാമൂഹ്യ സുരക്ഷാ പദ്ധതികളെയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കഴിഞ്ഞ സർക്കാർ ആർദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ പ്രത്യേക പദ്ധതികൾക്ക് രൂപം നൽകിയത്. കോവിഡ് പ്രതിരോധത്തിന് ശക്തമായ അടിത്തറയായി വർത്തിച്ചത് ഇത്തരം ഇടപെടലുകളാണെന്ന്’ അദ്ദേഹം വിശദമാക്കി.
Read Also: അഫ്ഗാനിസ്താനിലെ സ്ത്രീകളെയോർത്ത് അഗാധമായ ആശങ്കയുണ്ട്: പ്രതികരണവുമായി മലാല യൂസഫ്‌സായ്
‘ശാസ്ത്ര സാങ്കേതിക രംഗത്തെ വികാസങ്ങളെ കൂടി ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിന്റെ സാധ്യതകളെ കൂടുതൽ വിപുലപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്. ഒരു വൈജ്ഞാനിക സമൂഹം എന്ന പാതയിൽ കൂടിയാണ് വികസനത്തിലേക്ക് നാം മുന്നേറേണ്ടത്. വൈജ്ഞാനിക വിപ്ലവത്തിൽ നിന്ന് ഒരു മനുഷ്യനും പിന്തള്ളപ്പെട്ടു പോകാതിരിക്കാൻ നാം പ്രത്യേക കരുതൽ സൂക്കിക്കണം. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്താനും ഉന്നതവിദ്യാഭ്യാസത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനും ഊന്നൽ നൽകണമെന്ന്’ അദ്ദേഹം ആവശ്യപ്പെട്ടു.
‘ആരോഗ്യ രംഗത്തും സംസ്ഥാന രൂപീകരണ കാലംതൊട്ട് സവിശേഷമായ ശ്രദ്ധ കേരളം പുലർത്തിയിട്ടുണ്ട്. അരോഗദൃഢഗാത്രരും വിദ്യാസമ്പന്നരുമായ ഒരു ജനതയുടെ രൂപീകരണത്തിനുവേണ്ടിയുള്ള ഇടപെടൽ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ആരോഗ്യരംഗത്തെ ഈ വികാസം ഏറെ സഹായമായിട്ടുണ്ട്. ഓരോ മനുഷ്യനെയും ചേർത്തുപിടിച്ചുകൊണ്ടുള്ള വികസനമാകണം നാം സാധ്യമാക്കേണ്ടതെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
‘2021 ജനകീയാസൂത്രണത്തിന്റെ കാൽ നൂറ്റാണ്ടിന്റെ വർഷം കൂടിയാണ്. സർക്കാർ പദ്ധതികളുടെ രൂപീകരണത്തിൽ പൊതുജനങ്ങളെ എങ്ങനെ പങ്കാളികളാക്കാം എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ജനകീയാസൂത്രണം. വികേന്ദ്രീകൃതമായ കേരളത്തിന്റെ സംവിധാനം നമ്മുടെ ജനത നേരിട്ട പ്രളയത്തെയും കോവിഡിനെയുമെല്ലാം പ്രതിരോധിക്കാൻ സഹായകമായിട്ടുണ്ട്. വികേന്ദ്രീകൃതമായ ആസൂത്രണ സംവിധാനം കൂടുതൽ ഫലപ്രദമായി വികസനത്തിന് ഉപയോഗപ്പെടുത്താൻ കഴിയുകയെന്നതും പ്രധാനമാണ്. ഈ മഹാമാരിയുടെ ഇടയിൽ ആളുകളുടെ ജീവൻ സംരക്ഷിക്കുകയാകണം പ്രഥമ പരിഗണന. ഒപ്പം ജനങ്ങളുടെ ജീവിതോപാധികൾ നിലനിർത്താൻ കഴിയുകയും പ്രധാനമാണ്. ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്ഞയാണ് നമുക്ക് ഏറ്റെടുക്കാനുള്ളതെന്ന്’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments