അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വീണ്ടും ഗുരുതരവീഴ്ച. കോവിഡ് ബാധിതന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചത് നാലു ദിവസത്തിനുശേഷമെന്ന് പരാതി. ചെങ്ങന്നൂര്‍ പെരിങ്ങാല കവിണോടിയില്‍ വീട്ടില്‍ തങ്കപ്പനാണ് (68) കഴിഞ്ഞ 10ന് കോവിഡ് ഐ.സി.യുവില്‍ മരിച്ചത്. ഈ വിവരം രോഗിയോടൊപ്പം ഉണ്ടായിരുന്ന മകന് ജിത്തു അറിയുന്നത് 14ന് വൈകീട്ട് ആറിനാണ്.
കോവിഡ് ബാധിച്ച തങ്കപ്പന്റെ ഭാര്യ ചന്ദ്രികയെ കഴിഞ്ഞ ആറിന് ചെങ്ങന്നൂരിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ വീണ് പരിക്കേറ്റ ചന്ദ്രികയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ചന്ദ്രികയെ പരിചരിക്കാന്‍ ഒപ്പമുണ്ടായിരുന്ന തങ്കപ്പന് ഒമ്പതിന് കുഴഞ്ഞുവീണു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന തങ്കപ്പനെ 10ന് ഐ.സി.യുവിലേക്ക് മാറ്റി. ഇവരുടെ പരിചരണത്തിന് മകന് ജിത്തുവും ഒപ്പമുണ്ടായിരുന്നു. ദിവസവും അച്ഛെന്റ വിവരങ്ങള്‍ ഐ.സി.യു ഡോക്ടറോട് അനേഷിച്ചിരുന്നു.
ഇതിനൊപ്പം ജിത്തുവിന്റെ മൊബൈല്‍ നമ്പറും നല്‍കിയിരുന്നു. എന്നാല്‍, 14ന് വൈകീട്ട് ആറോടെയാണ് തങ്കപ്പന് 10ാം തീയതി മരിച്ചതായുള്ള വിവരം അറിഞ്ഞത്. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച കൊല്ലം സ്വദേശി ദേവദാസിന്റെ മരണവിവരം രണ്ടുദിവസം കഴിഞ്ഞാണ് അറിയിച്ചതെന്ന് പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് പുതിയസംഭവം.
Post Your Comments