![](/wp-content/uploads/2021/08/who.jpg)
ബീജിങ്ങ്: ലോകരാഷ്ട്രങ്ങളില്‍ മരണ താണ്ഡവമാടി കൊറോണ വൈറസ്. ഒന്നും രണ്ടും കഴിഞ്ഞ് മൂന്നാം തരംഗത്തിലേയ്ക്ക് കടക്കുമ്പോഴും വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം, വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന തള്ളി. വൈറസിന്റെ പ്രഭവകേന്ദ്രം എവിടെ നിന്നാണെന്ന ശാസ്ത്രീയ പഠനങ്ങളെ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ചൈന പ്രതികരിച്ചു.
ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യമായി സ്ഥിരീകരിച്ച കോവിഡ് വൈറസ് ലോകത്താകമാനം നാല് മില്യണ്‍ ജനങ്ങളെ ഇല്ലാതാക്കുകയും സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തുകയും ചെയ്തു. കോവിഡ് മഹാമാരിയുടെ ഉത്ഭവം കണ്ടെത്താന്‍ പുതിയ പഠനം വേണമെന്ന സമ്മര്‍ദ്ദം വീണ്ടും ചൈനയ്ക്ക് മേല്‍ ഉയര്‍ന്നതോടെയാണ് എതിര്‍നീക്കവുമായി ചൈന രംഗത്തെത്തിയത്..
കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രം കണ്ടെത്താന്‍ രാജ്യാന്തര പദ്ധതി തയ്യാറാക്കാന്‍ പുതിയ ഉപദേശകസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈന ലോകാരോഗ്യ സംഘടനയുടെ ആവശ്യം തള്ളിയത്. വൈറസിന്റെ പ്രഭവ കേന്ദ്രം ഇനിയും കണ്ടുപിടിച്ചില്ലെങ്കില്‍ ലോകം ഗുരുതരാവസ്ഥയിലേയ്ക്കാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments