ചില സ്ഥലങ്ങൾ പലരുടെയും അനുഭവ കഥകളായി നമ്മെ പേടിപ്പെടുത്താറുണ്ട്. അവിടെ ഒന്ന് പോയി വരുമ്പോഴും ജീവനുണ്ടെങ്കിൽ ഭാഗ്യം എന്ന് പറയാൻ പറ്റുന്ന സ്ഥലങ്ങൾ ഇപ്പോഴും ഉണ്ടെന്നുള്ളത് തികച്ചും അത്ഭുതം ജനിപ്പിക്കുന്ന ഒന്നാണ്. ശാസ്ത്രത്തിനും പോലും കൃത്യമായി വിശദീകരിക്കാൻ കഴിയാത്ത പ്രതിഭാസങ്ങളുള്ള ഇന്ത്യയിലെ കുപ്രസിദ്ധമായ അഞ്ച് സ്ഥലങ്ങൾ നമുക്ക് നോക്കാം.
1. ഭാംഗഡ് കോട്ട
ഏഷ്യയിലെ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാനിലെ ഭാംഗഡ് കോട്ടയ്ക്ക്. പുരാവസ്തു വകുപ്പ് പോലും രാത്രികാലങ്ങളിൽ സന്ദർശനം വിലക്കിയിട്ടുള്ള ഒരിടമാണിത്. രാത്രികാലങ്ങളിൽ ഇവിടെ എത്തിയാൽ സഞ്ചാരികൾക്ക് വിശദീകരിക്കാനാവാത്ത എന്തൊക്കയോ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുമത്രെ. രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണ് ഭാംഗഡ് കോട്ട ചെയ്യുന്നത്.
2. കുൽധാര
രാജസ്ഥാനിലെ വിജനമായ ഗ്രാമമാണ് കുൽധാര. ഒരു കാലത്ത് പലിവാൾ ബ്രാഹ്മണരെ പാർപ്പിച്ചിരുന്ന സ്ഥലം. ഒരു രാത്രിയിൽ അജ്ഞാതമായ ചില കാരണങ്ങളാൽ വീട് ഉപേക്ഷിച്ച് എല്ലാ ബ്രാഹ്മണരും ഓടിപ്പോയി. പിന്നെ മടങ്ങിവന്നില്ല എന്നാണ് ഐതിഹ്യം. എന്നാൽ ഈ കഥയിലെ ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാൽ ഇവിടെ നിന്നും ആരും ഓടി പോകുന്നതായി ആരും കണ്ടിട്ടില്ലെന്നാണ് മറ്റൊരു കഥ.
ഇവിടെ ആത്മാക്കളുടെ സാന്നിധ്യം ഉണ്ടെന്നും, അതിനാലാണ് അവർ കുൽധാര ഉപേക്ഷിച്ച് പോയതെന്നും റിപ്പോർട്ടുകളിൽ വ്യക്തമാകുന്നു. ഇവിടെ സൂര്യാസ്തമയത്തിന് ശേഷം യാത്രക്കാർക്ക് സന്ദർശിക്കാൻ അനുവാദമില്ല. കുൽധാര ശപിക്കപ്പെട്ടതാണെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു.
3. ഗ്രാൻഡ് പാരഡി ടവർ
ഇരുപതോളം ആത്മഹത്യകളും ആക്‌സിഡന്റുകളും നടന്ന കുപ്രസിദ്ധി നേടിയ ഇടമാണ് മുംബൈയിലെ ഗ്രാൻഡ് പാരഡി ടവർ. മക്കളുടെ ഉത്തരവാദിത്വമില്ലാത്ത സമീപനത്തിൽ മനംനൊന്ത് ദമ്പതികളായ വസുദിയേ ദലാലും ഭാര്യ താര ദലാലും ഇവിടെ ആത്മഹത്യ ചെയ്തു. ഈ കേസിന്റെ വിധി ദിവസം അവരുടെ മകനും ഭാര്യയും കുഞ്ഞിനൊപ്പം ചാടി ആത്മഹത്യ ചെയ്തുവത്രെ. അതിനുശേഷം ഇരുപതോളം ആത്മഹത്യകളും മറ്റും ഇവിടെ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഗ്രാൻഡ് പാരഡി ടവറിലെ എട്ടാം നിലയാണ് ഏറ്റവും ഭയപ്പെടുത്തുന്ന ഇടം.
4. ശനിവർവാഡ കോട്ട
പൗർണമി നാളിലെ വിലാപം എന്നാണ് മഹാരാഷ്ട്രയിലെ ശനിവർവാഡ കോട്ട അറിയപ്പെടുന്നത്. എല്ലാ പൗർണമി നാളുകളിയും എന്നെ രക്ഷിക്കൂ എന്ന വിലാപ സ്വരം കേൾക്കുന്ന ഒരിടമാണ് ശനിവർവാഡ കോട്ട. ചെറുപ്രായത്തിൽ രാജ്യഭാരം ഏറ്റെടുക്കേണ്ടിവന്ന നാരായൺ റാവു എന്ന ഭരണാധികാരിയെ അടുത്ത ബന്ധുക്കൾ ചേർന്ന് അധികാരത്തിനായി കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹം നിലവിളിച്ചുകൊണ്ട് ഓടിയത്രെ. ആ സ്വരമാണ് ഇന്നും എല്ലാ പൗർണമി നാളുകളിലും അവിടെ കേൾക്കുന്നതെന്നാണ് പറയപ്പെടുന്നത്.
5. റാണാകുംഭ കൊട്ടാരം
ചിറ്റോർഗാറിലെ റാണാകുംഭ കൊട്ടാരത്തിൽ പ്രേത സാന്നിധ്യമുണ്ടെന്നാണ് കേട്ടുകേൾവി. ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി കൊട്ടാരം ആക്രമിച്ച സമയത്ത് മഹാറാണി പത്മിനി എഴുന്നൂറോളം വനിതാ അനുയായികൾക്കൊപ്പം സ്വയം ജീവൻ ബലി കഴിച്ചിരുന്നുവത്രേ. അന്നുമുതൽ കൊട്ടാരം സന്ദർശിക്കുന്നവർ ഈ രാജ്യം സംരക്ഷിക്കണമെന്നു പറഞ്ഞു കരയുന്ന സ്ത്രീ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നാണ് പറയുന്നത്.
2015ൽ ഒരു കൂട്ടം സുഹൃത്തുക്കൾ കേട്ടുകേൾവിയുടെ നിജസ്ഥിതി പരിശോധിക്കാൻ സ്ഥലം സന്ദർശിക്കവേ ഒരു സ്ത്രീയുടെ നിലവിളി കേട്ടുവെന്നും തിരിഞ്ഞു നോക്കിയപ്പോൾ രാജവേഷത്തിൽ കത്തിയമർന്ന ഒരു സ്ത്രീയെ കണ്ടുവെന്നും കഥകളുണ്ട്.
Post Your Comments