പാനൂർ: കള്ള് ചെത്തുന്നത് ഷൂട്ട് ചെയ്യാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി. മൊകേരി ആറ്റുപുറത്താണ് സംഭവം. കള്ള് ചെത്തുന്നതിന്റെ യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ കയറിയ ക്യാമറാമാനാണ് തെങ്ങിൽ കുടുങ്ങിയത്. പാനൂർ ചെറ്റക്കണ്ടിയിലെ കെകെ പ്രേംജിത്തിനാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. അഗ്‌നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥർ എത്തിയാണ് ഒടുവിൽ ഇയാളെ താഴെ ഇറക്കിയത്. ടെലിഫിലിം സംവിധായകനും ക്യാമറാമാനുമായ പ്രേംജിത്ത് ഞാറാഴ്ച്ച ഉച്ചക്ക് 12.30 ഓടെയാണ് തെങ്ങിന് മുകളിൽ കുടുങ്ങിയത്.
കള്ള് ചെത്ത് ജോലി ഷൂട്ട് ചെയ്യുന്നതിനിടയിൽ പ്രഷർ വ്യതിയാനം വന്നാണ് പ്രേംജിത്ത് തെങ്ങിൽ കുടുങ്ങിയത്. അഗ്നി രക്ഷാ സേന എത്തുന്നത് വരെ കള്ള് ചെത്ത് തൊഴിലാളി ഗംഗാധരൻ പ്രേംജിത്തിനെ തെങ്ങിൽ താങ്ങി നിർത്തിയിരുന്നു. അഗ്നി രക്ഷാ ഉദ്യോഗസ്ഥർ നെറ്റിൽ കുരുക്കിയാണ് പ്രേംജിത്തിനെ സുരക്ഷിതമായി താഴെ ഇറക്കിയത്. പ്രേംജിത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് ആറായിരത്തിലധികം കേസുകൾ
Post Your Comments