ടോക്കിയോ: കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോഴും ടോക്കിയോയില്‍ ലോകം ഒളിംപിക്സിനായി അണിനിരന്നു. ഒളിംപിക്സ് തന്നെ റദ്ദാക്കും എന്ന ഘട്ടത്തില്‍ നിന്നാണ് ലോക രാഷ്ട്രങ്ങള്‍ ജപ്പാനിലെ ടോക്കിയോയില്‍ ഒന്നിച്ചത്. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായ ഇന്ത്യയില്‍ നീരജിലുടെ ‘പൊന്നിന്‍’ നിറച്ചാര്‍ത്തണിഞ്ഞാണ് ടോക്കിയോ കടന്നുപോകുന്നത്. ഇനി 2024 ല്‍ പാരീസില്‍ വീണ്ടും ലോകം ഒളിംപിക്സിനായി ഒന്നിക്കും.
സമാപന ചടങ്ങിലെ താരങ്ങളുടെ പരേഡില്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ബജ്രംഗ പൂനിയയാണ് ഇന്ത്യന്‍ പതാക വഹിച്ചത്. മത്സരം പൂര്‍ത്തിയാക്കുന്ന താരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ മടങ്ങണമെന്നതിനാല്‍, പ്രമുഖ താരങ്ങളില്‍ പലരും സമാപന ചടങ്ങിനില്ല. എന്നാല്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് ടോക്കിയോ ലോകത്തെ യാത്രയാക്കിയത്. ഇനി ഒളിംപിക്സിന്റെ തുടര്‍ച്ചയായ പാരാലിംക്സിന് ഈ മാസം 24 ന് ടോക്കിയോയില്‍ തുടക്കമാകും.
ജൂലൈ 23 നാണ് ടോക്കിയോയില്‍ ഒളിംപിക്സിന് തുടക്കമായത്. ടോക്കിയോയിലും അമേരിക്ക ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയപ്പോള്‍ ( 39 സ്വര്‍ണം 41 വെള്ളി, 33 വെങ്കലം ഉള്‍പ്പെടെ 113 മെഡലുകള്‍), ചൈന 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 88 മെഡലുകളുമായി രണ്ടാമതെത്തി. 27 സ്വര്‍ണവും 14 വെള്ളിയും 17 വെങ്കലവുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. ഒളിംപിക്സില്‍ ഏക്കാലത്തേയും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി മെഡല്‍ പട്ടികയില്‍ 48-ാം സ്ഥാനത്തെത്തി.
Post Your Comments