ഷോളയൂര്‍: വട്ട്ലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനും മകന് മുരുകനും നേരെ പൊലീസ് അതിക്രമമെന്നു പരാതി. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് നടപടി. മുരുകന്റെ 17 വയസുള്ള മകനെ പൊലീസ് ഉദ്യോഗസ്ഥന് മുഖത്തടിച്ചതായും സ്ത്രീകളെയടക്കം ഉപദ്രവിച്ചതായും പരാതിയുണ്ട്. ചൊറിയ മൂപ്പന്റെ ബന്ധു കുറുന്താചലത്തിന്റെ ഭൂമിയില്‍ പശുവിനെ കെട്ടിയതുമായി ബന്ധപ്പെട്ട് രണ്ടുകുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഊരുമൂപ്പനെയും മകനെയും അറസ്റ്റ് ചെയ്യാനായി ഷോളയൂര്‍ സി.ഐ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തില്‍ പ്രതിഷേധിച്ച് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ഷോളയൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലും പിന്നീട് അഗളി എ.എസ്.പി ഓഫീസിന് മുന്നിലും പ്രതിഷേധിച്ചു.
അട്ടപ്പാടി വട്ട്ലക്കി ഊരിലെ സംഭവങ്ങളില്‍ ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് അഗളി എ.എസ്.പി പതം സിങ് അറിയിച്ചു. ആദിവാസി ബാലനെ മര്‍ദിച്ച സംഭവത്തില്‍ ഷോളയൂര്‍ സി.ഐക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും അതേസമയം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിനമായ ഇന്നലെ പ്രതിഷേധവുമായി ഒത്തുകൂടിയ സമരക്കാര്‍ക്ക് എതിരെയും നടപടിയുണ്ടാകുമെന്നും എ.എസ്.പി പറഞ്ഞു.
Post Your Comments