ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന കേസിൽ കസ്റ്റഡിയിൽ ഇരിക്കെ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എംപി. അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ലോക്‌സഭയില്‍ ചട്ടം 377 പ്രകാരം നോട്ടീസ് നല്‍കി ആരിഫ് ആവശ്യപ്പെട്ടു.
ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹത്തിന് ആവശ്യമായ ചികില്‍സയോ ജാമ്യമോ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ പോയിട്ടും ഇതൊന്നും ചെവികൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല എന്നും ആരിഫ് ആരോപിച്ചു. കസ്റ്റഡി മരണം സംഭവിച്ചാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശാനുസരണമുള്ള ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തിലും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.
അതേസമയം മഹാരാഷ്ട്ര ജയിലിൽ വെച്ചാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത്. തുടർന്ന് ഹോളി ഫാമിലി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഒരു മാസത്തെ ചികിത്സയ്‌ക്കൊടുവിലാണ് അദ്ദേഹം വെന്റിലേറ്ററിൽ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ യാതൊരു ദുരൂഹതയുമില്ലെന്ന് മഹാരാഷ്ട്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചിരുന്നു.
Post Your Comments