ലക്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായകമായ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് യുപിയിലെത്തും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനായാണ് അദ്ദേഹം യുപിയില്‍ എത്തുന്നത്.
11.45ഓടെ അമിത് ഷാ ലക്നൗവിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ലക്നൗവിലെ ഉത്തര്‍പ്രദേശ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സസ്(യു.പി.ഐ.എഫ്.എസ്), മിര്‍സാപൂരിലെ വിന്ദ്യ ഇടനാഴി എന്നീ പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടും. ഇതിന് ശേഷം നടക്കുന്ന പൊതുപരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. തുടര്‍ന്ന് സഞ്ജയ് ഗാന്ധി പോസ്റ്റ്ഗ്രാജുവെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തി ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ആരോഗ്യസ്ഥിതി അമിത് ഷാ വിലയിരുത്തും.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷാ ഉത്തര്‍പ്രദേശില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ബിജെപി എം.പിമാരുടെ യോഗം ചേര്‍ന്നിരുന്നു. യുപിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചരടുവലികള്‍ സജീവമാക്കുന്ന സാഹചര്യത്തില്‍ അമിത് ഷായുടെ സന്ദര്‍ശനം ബിജെപിയ്ക്ക് ആത്മവിശ്വാസം പകരുമെന്നാണ് വിലയിരുത്തല്‍.
Post Your Comments