പ്രേതങ്ങൾക്ക് പേരുകേട്ട അഞ്ച് സ്ഥലങ്ങൾ: ധൈര്യമുണ്ടോ ഇവിടെ സന്ദർശിക്കാൻ?

ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടമുള്ള വിഷയങ്ങളിൽ ഒന്നാണ് പ്രേതകഥകൾ. സിനിമകളിലും കഥകളിലുമൊക്കെ നാം ധാരാളം പ്രേതങ്ങളെ കണ്ടിട്ടുണ്ട്. പലപ്പോഴും പലരുടെയും അനുഭവങ്ങളിലൂടെ കടന്നു പോയവരാകാം നമ്മൾ. ഇനി ശരിക്കും പ്രേതം ഉള്ളതാണോ? എന്നാൽ പ്രേതം ഉണ്ടെന്നാണ് വിലയിരുത്തലുകൾ. രാജസ്ഥാനിലെ ഈ അഞ്ച് സ്ഥലങ്ങൾ സന്ദർശിച്ചാൽ അവിടെയുള്ളവരെല്ലാം പറയും പ്രേതം ശരിക്കുമുണ്ടെന്ന്. പുരാതന കൊട്ടാരങ്ങൾക്കും കെട്ടിടങ്ങൾക്കും പേരുകേട്ട സ്ഥലമാണ് രാജസ്ഥാൻ.

പ്രശസ്ത ടൂറിസ്റ്റ് സ്ഥലം കൂടിയായ രാജസ്ഥാനിലെ ചില സ്ഥലങ്ങൾ പേടിപ്പിക്കുന്നതാണത്രേ. രാജസ്ഥാനിലെ ഈ സ്ഥലങ്ങൾ പ്രേതകഥകൾക്കു പേരുകേട്ടതാണെന്നാണ് പൊതുവെ പറയുന്നത്. ആ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നമ്മുക്ക് നോക്കാം.

  1. റാണാകുംഭ കൊട്ടാരം

ചിറ്റോർഗാറിലെ റാണാകുംഭ കൊട്ടാരത്തിൽ പ്രേത സാന്നിധ്യമുണ്ടെന്നാണ് കേട്ടുകേൾവി. ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി കൊട്ടാരം ആക്രമിച്ച സമയത്ത് മഹാറാണി പത്മിനി എഴുന്നൂറോളം വനിതാ അനുയായികൾക്കൊപ്പം സ്വയം ജീവൻ ബലി കഴിച്ചിരുന്നുവത്രേ. അന്നുമുതൽ കൊട്ടാരം സന്ദർശിക്കുന്നവർ ഈ രാജ്യം സംരക്ഷിക്കണമെന്നു പറഞ്ഞു കരയുന്ന സ്ത്രീ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നാണ് പറയുന്നത്.

2015ൽ ഒരു കൂട്ടം സുഹൃത്തുക്കൾ കേട്ടുകേൾവിയുടെ നിജസ്ഥിതി പരിശോധിക്കാൻ സ്ഥലം സന്ദർശിക്കവേ ഒരു സ്ത്രീയുടെ നിലവിളി കേട്ടുവെന്നും തിരിഞ്ഞു നോക്കിയപ്പോൾ രാജവേഷത്തിൽ കത്തിയമർന്ന ഒരു സ്ത്രീയെ കണ്ടുവെന്നും കഥകളുണ്ട്.

2. കുൽധാര

രാജസ്ഥാനിലെ വിജനമായ ഗ്രാമമാണ് കുൽധാര. ഒരു കാലത്ത് പലിവാൾ ബ്രാഹ്മണരെ പാർപ്പിച്ചിരുന്ന സ്ഥലം. ഒരു രാത്രിയിൽ അജ്ഞാതമായ ചില കാരണങ്ങളാൽ വീട് ഉപേക്ഷിച്ച് എല്ലാ ബ്രാഹ്മണരും ഓടിപ്പോയി. പിന്നെ മടങ്ങിവന്നില്ല എന്നാണ് ഐതിഹ്യം. എന്നാൽ ഈ കഥയിലെ ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാൽ ഇവിടെ നിന്നും ആരും ഓടി പോകുന്നതായി ആരും കണ്ടിട്ടില്ലെന്നാണ് മറ്റൊരു കഥ.

ഇവിടെ ആത്മാക്കളുടെ സാന്നിധ്യം ഉണ്ടെന്നും, അതിനാലാണ് അവർ കുൽധാര ഉപേക്ഷിച്ച് പോയതെന്നും റിപ്പോർട്ടുകളിൽ വ്യക്തമാകുന്നു. ഇവിടെ സൂര്യാസ്തമയത്തിന് ശേഷം യാത്രക്കാർക്ക് സന്ദർശിക്കാൻ അനുവാദമില്ല. കുൽധാര ശപിക്കപ്പെട്ടതാണെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു.

3. എൻഎച്ച് 79 നിയർ ഡുഡു വില്ലേജ്

എൻഎച്ച് 79 നിയർ ഡുഡു വില്ലേജ് രക്തത്തിനു ദാഹിക്കുന്ന റോഡ് എന്നാണ് രാജസ്ഥാനിലെ ഈ അജ്മീർ ഉദയ്പൂർ അറിയപ്പെടുന്നത്. കാലങ്ങൾക്കു മുമ്പ് ബാലവിവാഹം സാധാരണമായിരുന്ന സമയത്ത് അഞ്ചു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മൂന്നുവയസുകാരനായ ആൺകുഞ്ഞുമായുള്ള വിവാഹം നടത്താൻ മുതിർന്നവർ തീരുമാനിച്ചു. എന്നാൽ പെൺകുട്ടിയുടെ അമ്മ ഇതിനെതിരായിരുന്നു. വിവാഹം നടക്കാതിരിക്കാൻ സഹായം അഭ്യർത്ഥിച്ച് ഹൈവേയിലെത്തിയ അമ്മയും കുഞ്ഞും വാഹനമിടിച്ച് മരിച്ചു. അന്ന് മുതൽ ഈ സ്ഥലത്ത് വാഹനാപകടങ്ങൾ പതിവാണത്രേ.

4. നഹാർഗർ കോട്ട

ആരവല്ലി ഹിൽസിനു ഉച്ഛസ്ഥായിലാണ് നഹാർഗർ കോട്ട സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തിനകത്തുള്ളവരിൽ നിന്നും പുറംലോകവുമായി യാതൊരു ബന്ധവും പുലർത്താതിരിക്കാൻ ആകാശവലിപ്പത്തിലാണ് കോട്ടയുടെ മതിലുകൾ നിർമ്മിച്ചിരുന്നത്. സാവായ് രാജാ മാൻ സിംഗ് തന്റെ രഞ്ജിമാർക്കു വേണ്ടി പണി കഴിപ്പിച്ചതായിരുന്നു ഈ കോട്ട. എന്നാൽ അദ്ദേഹം മരിച്ചതിനുശേഷം ആത്മാവ് കോട്ടയിലൂടെ ഇപ്പോഴും അലയുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.

5. ബ്രിജ് രാജ് ഭവൻ

ഒരു ഇംഗ്ലീഷ് പട്ടാളക്കാരന്റെ പ്രേതം അലഞ്ഞു നടക്കുന്ന മാന്ത്രിക ബംഗ്ലാവാണ് രാജസ്ഥാനിലെ ബ്രിജ് രാജ് ഭവൻ അറിയപ്പെടുന്നത്. ശിപായി ലഹള സമയത്ത് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന മേജർ ബർട്ടണും കുടുംബവും ഇന്ത്യൻ പട്ടാളക്കാരാൽ കൊല്ലപ്പെട്ടു. ബർട്ടന്റെ ആത്മാവ് ഇന്നും ഗതികിട്ടാതെ ബ്രിജ് രാജ് ഭവനിലൂടെ അലയുന്നുണ്ടെന്നാണ് വിശ്വാസം.

Share
Leave a Comment