തിരുവനന്തപുരം: തുല്യനീതിയും സമത്വവും ഉയർത്തിപ്പിടിക്കുന്ന ആധുനിക ജനാധിപത്യ സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത അനാചാരമാണ് സ്ത്രീധനസമ്പ്രദായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളെ വിപണനവസ്തുവായി ഇകഴ്ത്തുന്ന മനോഭാവത്തിന്റെ പ്രതിഫലനമാണതെന്ന് അദ്ദേഹം വിമർശിച്ചു.
ആ മനോഭാവം തിരുത്തുന്നതിനായി ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ട് സ്ത്രീധന സമ്പ്രദായമെന്ന സാമൂഹിക വിപത്തിനെ തുടച്ചു നീക്കാൻ വനിതാ-യുവജന സംഘടനകളെല്ലാം തന്നെ രംഗത്തു വരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആ ലക്ഷ്യം കൈവരിക്കുന്നതിനായി ‘മാറ്റണം മനോഭാവം സ്ത്രീകളോട് ‘ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ശ്രദ്ധേയമായ ക്യാമ്പയിൻ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി. മഹിളാ അസോസിയേഷന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുരുകൻ കാട്ടാക്കട രചിച്ച് ആലപിച്ച ‘കനൽപ്പൊട്ട്’ എന്ന കവിതയുടെ സിഡി പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ നടത്തുന്ന മാതൃകാപരമായ ഈ പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ടു പോകാൻ കഴിയട്ടെയെന്ന് സിഡി പ്രകാശനത്തിന് ശേഷം മുഖ്യമന്ത്രി ആശംസിച്ചു. സ്ത്രീധന സമ്പ്രദായത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കൂടുതൽ ആളുകൾ മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
Read Also: പെരുമ്പാവൂരിൽ അനാശ്യാസ്യ പ്രവർത്തനം: ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു
Post Your Comments